അഗ്നി പ്രൈം മധ്യദൂര മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. പ്രത്യേകമായി തയ്യാറാക്കിയ ഒരു റെയിൽ അധിഷ്ഠിത മൊബൈൽ ലോഞ്ചർ സിസ്റ്റത്തിൽ നിന്നാണ് മിസൈലിന്റെ പരീക്ഷണം നടത്തിയത്. ദേശീയ റെയിൽവേ ശൃംഖലയുമായി സംയോജിപ്പിച്ച് ഇത്തരമൊരു വിക്ഷേപണം നടത്തുന്നത് രാജ്യത്ത് ഇത് ആദ്യമായാണ്.
മിസൈൽ പരീക്ഷണം പൂർണ്ണ വിജയകരമായിരുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എക്‌സിലെ പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. ഇന്ത്യയുടെ വളർന്നുവരുന്ന തന്ത്രപരമായ പ്രതിരോധ ശേഷി പ്രകടമാക്കുന്ന ‘ഇത്തരത്തിലുള്ള ആദ്യത്തെ വിക്ഷേപണം’ എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.
അഗ്നി പ്രൈം മധ്യദൂര മിസൈലിന്റെ വിജയകരമായ പരീക്ഷണത്തിന് ഡിആർഡിഒ, സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡ് (എസ്എഫ്സി), സായുധ സേന എന്നിവരെ രാജ്‌നാഥ് സിങ് അഭിനന്ദിച്ചു. അടുത്ത തലമുറ ബാലിസ്റ്റിക് മിസൈലായ അഗ്‌നി-പ്രൈമിന് 2,000 കിലോമീറ്റർ വരെ ദൂരപരിധിയിലുള്ള ലക്ഷ്യങ്ങളെ ആക്രമിക്കാൻ കഴിവുണ്ട്.

