Headlines

വ്യോമാതിർത്തിയിൽ പ്രവേശിക്കരുത്; പാക് വിമാനങ്ങൾക്ക് വിലക്ക് നീട്ടി ഇന്ത്യ

പാകിസ്ഥാൻ വിമാനങ്ങൾക്ക് ആഭ്യന്തര വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിനുള്ള വിലക്ക് നീട്ടി ഇന്ത്യ. പാക് വിമാനങ്ങൾക്ക് ഇന്ത്യയുടെ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിനുള്ള വിലക്ക് 2025 ഓഗസ്റ്റ് 23 വരെ നീട്ടിയതായി കേന്ദ്ര സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധർ മൊഹോൾ അറിയിച്ചു.

ഏപ്രിൽ 30 മുതൽ പാകിസ്ഥാൻ വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തി പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. പാകിസ്ഥാനിൽ രജിസ്റ്റർ ചെയ്ത വിമാനങ്ങൾക്കും പാകിസ്ഥാൻ എയർലൈനുകൾ പ്രവർത്തിപ്പിക്കുന്നതോ ഉടമസ്ഥതയിലുള്ളതോ പാട്ടത്തിനെടുത്തതോ ആയ വിമാനങ്ങൾക്കും സൈനിക വിമാനങ്ങൾ ഉൾപ്പെടെയുള്ള ഓപ്പറേറ്റർമാർക്കും ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശനമില്ല.ഇന്ത്യൻ വിമാനക്കമ്പനികളുടെ വിമാനങ്ങൾക്ക് പാക് വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് ഓഗസ്റ്റ് 24 വരെ നീട്ടിയതായി പാകിസ്ഥാൻ എയർപോർട്ട് അതോറിറ്റി അറിയിച്ചിരുന്നു.

അതേസമയം ഇന്ന് മുതൽ 25 വരെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ ഇന്ത്യൻ വ്യോമസേന അഭ്യാസത്തിനായി നോട്ടാം പുറപ്പെടുവിച്ചിട്ടുണ്ട്. രാജസ്ഥാനിൽ ബാർമർ മുതൽ ജോധ്പൂർ വരെയുള്ള പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് ഇന്ത്യൻ വ്യോമസേന സൈനികാഭ്യാസം നടത്താൻ ഒരുങ്ങുന്നത്. ഒരു പ്രത്യേക വ്യോമാതിർത്തിയിൽ സിവിലിയൻ വ്യോമ ഗതാഗതം ഒഴിവാക്കേണ്ട സാഹചര്യമുള്ളപ്പോഴാണ് നോട്ടാം പുറപ്പെടുവിക്കുന്നത്. വാണിജ്യ വിമാനങ്ങളെ സൈനിക പ്രവർത്തന മേഖലകളിൽ നിന്ന് അകറ്റി നിർത്തുന്നതിലൂടെ സിവിലിയൻ അപകടങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യം

Leave a Reply