വനിതാ ഏകദിന ലോകകപ്പിലെ ആദ്യമത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം. ശ്രീലങ്കയെ ഇന്ത്യൻ വനിതകൾ 59 റൺസിന് പരാജയപ്പെടുത്തി. ഇന്ത്യ മുന്നോട്ടു വെച്ച 270 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 45.4 ഓവറിൽ 211 റൺസിന് പുറത്തായി. മഴയെത്തുടർന്ന് മത്സരം 47 ഓവറായി ചുരുക്കിയിരുന്നു. ആദ്യം ബാറ്റുചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 269 റൺസെടുത്തത്. ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം ലങ്കയുടെ വിജയലക്ഷ്യം 47 ഓവറിൽ 271 റൺസായിരുന്നു.
ലങ്കൻ നിരയിൽ ക്യാപ്റ്റൻ ചമരി അത്തപത്തു (43), നീലാക്ഷിക ശിവ (35), ഹർഷിത സമരവിക്രമ (29) എന്നിവരാണ് അൽപ്പമെങ്കിലും പൊരുതിയത്. ഓൾറൗണ്ട് പ്രകടനം കാഴ്ചവെച്ച ദീപ്തി ശർമ്മയാണ് ഇന്ത്യയുടെ വിജയശിൽപ്പി. ദീപ്തി 10 ഓവറിൽ 54 റൺസ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തി. സ്‌നേഹ് റാണയും ശ്രീ ചരണിയും രണ്ടുവിക്കറ്റ് വീതമെടുത്തു.
ബാറ്റിങ്ങിൽ 53 പന്തിൽ മൂന്നു ഫോർ സഹിതം ദീപ്തി 53 റൺസെടുത്തിരുന്നു. ഒരുഘട്ടത്തിൽ ഇന്ത്യ 27 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 124 റൺസെന്ന നിലയിലായിരുന്നു. ഏഴാം വിക്കറ്റിൽ ദീപ്തിയും അമൻജോത് കൗറും നേടിയ സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യയെ തകർച്ചയിൽനിന്ന് കരകയറ്റിയത്. 56 പന്തിൽ ഒരു സിക്സും അഞ്ചു ഫോറുമടക്കം 57 റൺസെടുത്ത അമൻജോതാണ് ടോപ് സ്‌കോറർ. ഏഴാം വിക്കറ്റിൽ ഈ സഖ്യം 103 റൺസാണ് അടിച്ചത്.

