നിയമലംഘനത്തിന് പിടിച്ചെടുത്ത് മൂന്ന് മാസം കഴിഞ്ഞ വാഹനങ്ങൾ തിരിച്ചെടുത്തില്ലെങ്കിൽ ലേലത്തിൽ വിൽക്കുമെന്ന് ഖത്തർ ട്രാഫിക് വിഭാഗം. നാളെ മുതൽ മുപ്പത് ദിവസത്തിനുള്ള നടപടികൾ പൂർത്തിയാക്കണമെന്നാണ് നിർദേശം. വിവിധ നിയമ ലംഘനങ്ങളുടെ പേരിൽ പിടിച്ചെടുത്ത വാഹനങ്ങൾ ട്രാഫിക് വിഭാഗത്തിന് കീഴിൽ മാസങ്ങളായി തിരിച്ചെടുക്കാതെ കിടക്കുന്നുണ്ട്.
ഇങ്ങനെ മൂന്ന് മാസം പൂർത്തിയായ വാഹനങ്ങൾ ഉടൻ തിരിച്ചെടുക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. ഒരു മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കണം. അല്ലാത്ത പക്ഷം വാഹനങ്ങൾ ലേലം ചെയ്യുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മുന്നറിയിപ്പ് നൽകി.
വാഹനം തിരിച്ചെടുക്കുന്നതിന് ഉടമകൾ ഗതാഗത നിയമലംഘനത്തിനുള്ള പിഴയും വാഹനം ഇതുവരെ നിർത്തിയിട്ടതിന്റെ ഗ്രൗണ്ട് ഫീസും അടയ്ക്കണം. ഇതിനായി ഇൻഡസ്ട്രിയൽ ഏരിയ – സ്ട്രീറ്റ് 52 ലെ വെഹിക്കിൾ ഇംപൗണ്ട്‌മെന്റ് വിഭാഗവുമായി ബന്ധപ്പെടണമെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി.

