പാലക്കാട് പുതുപ്പരിയാരത്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പാലക്കാട് മാട്ടുമന്ത ചോളോട് സ്വദേശി മീര (29 ) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് പൂച്ചിറ സ്വദേശി അനൂപിനെ ഹേമാംബിക നഗർ പൊലീസ് അറസ്റ്റ് ചെയ്തത്. അനൂപിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി.
ഭർത്താവ് അനൂപിന്റെ വീട്ടിൽ ഇക്കഴിഞ്ഞ പത്താം തീയതിയാണ് മീരയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. പതിവായി മദ്യപിച്ചെത്തുന്ന അനൂപ് മീരയെ മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഒരു വർഷം മുമ്പാണ് ഇരുവരുടേയും രണ്ടാം വിവാഹം നടക്കുന്നത്. ഭർത്താവുമായി പിണങ്ങിയ മീര മരിക്കുന്നതിന് തലേന്ന് സ്വന്തം വീട്ടിലേക്ക് വന്നിരുന്നു. എന്നാൽ രാത്രി അനൂപ് എത്തി മീരയെ കൂട്ടിക്കൊണ്ടുപോയി. പിന്നീട് മീരയുടെ മരണവാർത്തയാണ് വീട്ടുകാർ കേൾക്കുന്നത്. ആദ്യ വിവാഹത്തിൽ മീരയ്ക്ക് ഒരു കുട്ടിയുണ്ട്.
ഈ കുട്ടിയെ അനൂപ് പരിഗണിക്കുന്നില്ലെന്ന് മീരയ്ക്ക് പരാതിയുണ്ടായിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നതായും വീട്ടുകാർ പറയുന്നു. അനൂപിന്റെ നിരന്തര മർദ്ദനമാണ് മീരയെ ആത്മഹത്യയിലേക്ക് എത്തിച്ചതെന്നും വീട്ടുകാർ ആരോപിച്ചിരുന്നു.

