ഇസ്രായേൽ-ഗസ്സ യുദ്ധത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന പദ്ധതിയിലെ ചില വ്യവസ്ഥകൾ, പ്രത്യേകിച്ച് ബന്ദി കൈമാറ്റം, അംഗീകരിച്ച് ഹമാസ്. എന്നാൽ, പദ്ധതിയിൽ കൂടുതൽ ചർച്ചകൾ ആവശ്യമുണ്ടെന്ന് മധ്യസ്ഥ രാജ്യങ്ങൾക്ക് കൈമാറിയ പ്രതികരണത്തിൽ ഹമാസ് വ്യക്തമാക്കി. ഹമാസിന്റെ ഈ പ്രതികരണത്തോട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അനുകൂലമായി പ്രതികരിച്ചു. ഹമാസ് നിർദേശങ്ങൾ ചർച്ച ചെയ്യാൻ തയാറാണെന്ന് അറിയിച്ച ട്രംപ്, ഈ പ്രസ്താവന തന്റെ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഖത്തർ, ഈജിപ്ത് എന്നീ മധ്യസ്ഥ രാജ്യങ്ങളും യുഎൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറസും ഈ നിലപാടിനെ സ്വാഗതം ചെയ്തു. ഗുട്ടറസ് ഇതിനെ ‘ആശ്വാസകരമായ വാർത്ത’ എന്ന് വിശേഷിപ്പിച്ചു.
ജീവനോടെയും അല്ലാതെയുമുള്ള ബന്ദികളുടെ കൈമാറ്റത്തിന് തയാറണെന്ന് പ്രതികരണത്തിൽ ഹമാസ് പറഞ്ഞു. എന്നാൽ ആക്രമണം നിർത്തി യുദ്ധഭൂമിയിലെ സ്ഥിതി ബന്ദികളുടെ കൈമാറ്റത്തിന് അനുകൂലമാകേണ്ടതുണ്ടെന്ന് പ്രതികരണത്തിൽ ഹമാസ് വ്യക്തമാക്കി. ഇരുപതിന പദ്ധതിയിലെ പല കാര്യങ്ങളിലും ചർച്ച അനിവാര്യമാണെന്ന് ഹമാസ് ചൂണ്ടിക്കാട്ടി. യുദ്ധാനന്തര ഗസ്സയുടെ ഭാവി, ബദൽ ഭരണ സംവിധാനം, നിരായുധീകരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മധ്യസ്ഥ രാജ്യങ്ങളുടെ മേൽനോട്ടത്തിൽ തുറന്ന ചർച്ചക്ക് വഴിയൊരുക്കണമെന്നും പ്രതികരണത്തിൽ ഹമാസ് വിശദീകരിച്ചു. സ്വതന്ത്ര ഫലസ്തീൻ ദേശീയ സമിതിയാണ് ഗസ്സയുടെ ഭാവി നിർണയിക്കേണ്ടത്. ഗസ്സ ഭരണം ആ സമിതിക്ക് കൈമാറാൻ തയാറാണെന്നും എന്നാൽ നിരായുധീകരണം, ഗസ്സ സമാധാനസേന എന്നിവയുടെ കാര്യത്തിൽ തുറന്ന ചർച്ച നിർബന്ധമാണെന്നും ഹമാസ് കൂട്ടിച്ചേർത്തു.
ഹമാസ് നിർദേശിച്ചതുപോലെ ഒറ്റയടിക്ക് യുദ്ധം നിർത്തുന്നത് അപകടമാണെന്ന് സൂചിപ്പിച്ച ട്രംപ്, ഇത് ഗസ്സയുടെ മത്രമല്ല, പശ്ചിമേഷ്യൻ സമാധാനത്തിന്റെ കൂടി ആവശ്യകതയാണെന്നും പ്രതികരിച്ചു. ട്രംപ് സമർപ്പിച്ച ഇരുപതിന പദ്ധതിയിൽ ഒരുഭേദഗതിയും അംഗീകരിക്കില്ലെന്ന നിലപാട് കൈക്കൊണ്ട ഇസ്രായേൽ ഇതോടെ ശരിക്കും വെട്ടിലായി. അതിനിടെ, ഗസ്സയിൽ ആക്രമണം രൂക്ഷമാണ്. ഇന്നലെ 63 പേർ കൊല്ലപ്പെട്ടു. ഗസ്സയിലേക്ക് സഹായവുമായെത്തിയ ഫ്രീഡം ഫ്ലാോട്ടിലയിലെ മനുഷ്യവകാശ പ്രവർത്തകരെ ഭീകരവാദികളെന്ന് വിളിച്ച് ഇസ്രായേൽ മന്ത്രി ബെൻ ഗവിർ അധിക്ഷേപിച്ചു.

