ക്ഷേത്രങ്ങളുടെ നാട് വാരാണസിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഉത്തര്‍ പ്രദേശിലെ ഗംഗ നദിയുടെ പടിഞ്ഞാറന്‍ തീരത്ത് ആറു കിലോമീറ്ററിലധികം നീളത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ബനാറസ്, കാശി എന്നീ പേരുകളില്‍ അറിയപ്പെടുന്ന വാരാണസി. ഹിന്ദുക്കളുടെയും ബുദ്ധരുടെയും ജൈനരുടെയും പുണ്യനഗരമായ കാശി ലോകത്തിലെ ഏറ്റവും പഴയ നഗരങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. 1200 ബിസി മുതലേ ഇവിടെ നഗരം നിലനിന്നിരുന്നു. ഹിന്ദു ത്രിമൂര്‍ത്തികളിലൊരാളായ ഭഗവാന്‍ ശിവന്റെ ത്രിശൂലത്തിന്മേലാണ് കാശിയുടെ കിടപ്പെന്നാണു വിശ്വാസം.
വടക്ക് കാഷ്മീരിലെ അമര്‍നാഥ് ഗുഹ മുതല്‍ തെക്ക് കന്യാകുമാരി വരെയും കിഴക്ക് പുരി മുതല്‍ പടിഞ്ഞാറ് ദ്വാരക വരെയും നീളുന്ന ഹൈന്ദവതീര്‍ഥാടനകേന്ദ്രങ്ങളുടെ മധ്യഭാഗത്താണ് വാരാണസി സ്ഥിതി ചെയ്യുന്നത്. ഭഗവാന്‍ ശിവന്റെ ചൈതന്യം നിലകൊള്ളുന്ന വാരാണസി ക്ഷേത്രങ്ങളുടെ നഗരി കൂടിയാണ്.
നിത്യവും സന്ധ്യയില്‍ ഗംഗയുടെ തീരത്തുനടക്കുന്ന ഗംഗാ ആരതി കാണാന്‍ പതിനായിരക്കണക്കിന് ഭക്തരാണ് എത്താറുള്ളത്. പഴയ കെട്ടിടങ്ങള്‍ നിറഞ്ഞ വാരാണസിയിലെ ഗല്ലികള്‍ പ്രസിദ്ധമാണ്. വാരാണസിയിലെത്തുന്നവര്‍ ഗംഗാനദിയിലൂടെയുള്ള ബോട്ട് യാത്ര ആസ്വദിക്കുക പതിവാണ്. വ്യത്യസ്തമായ അനുഭവമായിരിക്കും ഗംഗയിലൂടെയുള്ള ബോട്ട് യാത്ര. ഇവിടങ്ങളിലുള്ള ഇടനിലക്കാരെ സൂക്ഷിക്കുക. ബോട്ട് യാത്രയ്ക്ക് ചിലപ്പോള്‍ വലിയ തുക നല്‍കേണ്ടിവന്നേക്കാം. നഗരത്തിലെ ചില ഹോട്ടലുകള്‍ ബോട്ട് യാത്രയ്ക്കുള്ള സൗകര്യം ഏര്‍പ്പെടാത്തറുണ്ട്. അത്തരം സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതാകും നല്ലത്.
വാരാണസിയില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ് പാന്‍. പാന്‍മസാലകള്‍ വില്‍ക്കുന്ന കടകളുടെ തെരുവു തന്നെയുണ്ട് നഗരത്തില്‍. ബനാറസ് സാരികളുടെ വലിയ നെയ്ത്തുശാലകള്‍ നഗരത്തിലുണ്ട്. ഇടനിലക്കാരില്‍പ്പെടാതെ ഇവിടെയുള്ള നെയ്ത്തുശാലകളില്‍ പോകാന്‍ ശ്രമിക്കുക. ഇവിടത്തെ പ്രാദേശികരീതിയിലുള്ള ഗുസ്തിയും മറ്റൊരു ആകര്‍ഷണമാണ്. നഗരത്തിലെ യുപി ടൂറിസത്തിന്റെ ഓഫീസുമായി ബന്ധപ്പെട്ടാല്‍ ചിലവുകുറഞ്ഞതും സുരക്ഷിതവുമായ ഗസ്റ്റ് ഹൗസുകളെക്കുറിച്ചു വിവരം ലഭിക്കും.