മരുന്നിനെ പ്രതിരോധിക്കുന്ന കാൻസർ കോശങ്ങളെ നശിപ്പിക്കാൻ ടാറ്റാ മെമ്മോറിയൽ കാൻസർ റിസർച്ച് സെന്റർ പുതിയ മരുന്ന് കണ്ടെത്തി. സ്തനാർബുദത്തിന് കാരണമാകുന്ന കാൻസർ കോശങ്ങൾ കീമോതെറാപ്പിയിലൂടെ പൂർണമായും നശിക്കാറില്ല. രോഗം ഭേദമായ ശേഷവും വർഷങ്ങൾക്കിപ്പുറം ഇവ ശക്തിപ്രാപിക്കുകയും ശ്വാസകോശം പോലുള്ള മറ്റ് അവയവങ്ങളെ ബാധിക്കുകയും ചെയ്യാം. ഇത്തരത്തിൽ മരുന്നുകളെ പ്രതിരോധിക്കാൻ ശേഷി നേടിയ കോശങ്ങളെ നശിപ്പിക്കാനുള്ള മരുന്നാണ് ഗവേഷകർ വികസിപ്പിച്ചത്. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് കാൻസർ രോഗികൾക്ക് ആശ്വാസം നൽകുന്ന കണ്ടെത്തലാണിത്.
ടാറ്റാ മെമ്മോറിയൽ സെന്റർ-അഡ്വാൻസ്ഡ് സെന്റർ ഫോർ ട്രീറ്റ്മെന്റ്, റിസർച്ച് ആന്റ് എജുക്കേഷനിലെ ഡോ. നന്ദിനി വർമ്മയുടെ നേതൃത്വത്തിലാണ് ഈ ഗവേഷണം നടന്നത്. മരുന്നിനെ പ്രതിരോധിക്കുന്ന ഇത്തരം കോശങ്ങളിലെ തന്മാത്രകളെ കണ്ടെത്തുകയായിരുന്നു ഗവേഷണത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ‘റെഡോക്സ് ബയോളജി’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
കീമോതെറാപ്പി നിർത്തുമ്പോൾ ഈ കോശങ്ങൾ കൂടുതൽ അപകടകരമായ രീതിയിൽ പെരുമാറുന്നതായി കണ്ടെത്തി. ഇവ കീമോതെറാപ്പിയെ അതിജീവിക്കുന്നത് എങ്ങനെ എന്നും ഗവേഷകർ തിരിച്ചറിഞ്ഞു. ഇതിന് കാരണമാകുന്ന GPX4, FSP1 എന്നീ തന്മാത്രകളെയാണ് കണ്ടെത്തിയത്. FSP1-ന്റെ പ്രവർത്തനത്തെ തടഞ്ഞാൽ ഈ കോശങ്ങളുടെ പ്രതിരോധശേഷി ഇല്ലാതാക്കാൻ കഴിയുമെന്ന് തെളിഞ്ഞു. ഈ രണ്ട് തന്മാത്രകളെയും തടയുന്ന ചികിത്സാ രീതിയാണ് ഗവേഷകർ ഇപ്പോൾ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

