ജിലേബിയും സമൂസയും ആരോഗ്യത്തിന് ഹാനികരം; സിഗരറ്റ് മുന്നറിയിപ്പ് പോലെ ലേബലിംഗ് നൽകണം

സിഗരറ്റിനെതിരായ മുന്നറിയിപ്പു പോലെ സമൂസക്കും ജിലേബിക്കും ആരോഗ്യകരമായ ദോഷവശങ്ങൾ വ്യക്തമാക്കി മുന്നറിയിപ്പ് നൽകണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശം. ലഘുഭക്ഷണങ്ങളിലെ എണ്ണയും കൊഴുപ്പും പഞ്ചസാരയും സംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്ന ബോർഡുകൾ സ്ഥാപിക്കാനും നിർദ്ദേശമുണ്ട്. കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, വകുപ്പുകൾ എന്നിവയുടെ കാന്റീനുകൾ, കഫ്റ്റീരിയകൾ എന്നിവയ്ക്കാണ് ആദ്യ നിർദേശം. എന്നാൽ ഇത് നിരോധനമല്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ജിലേബി,സമൂസ എന്നീ ലഘുഭക്ഷണങ്ങൾക്ക് പുറമേ ലഡ്ഡു, വട പാവ്, പക്കോഡ എന്നിവയെല്ലാം സൂക്ഷ്മ പരിശോധനയിലാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. സാധാരണയായി കഴിക്കുന്ന ഇന്ത്യൻ ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന കൊഴുപ്പിന്റെയും പഞ്ചസാരയുടെയും അളവും അതുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയുള്ള പഠനങ്ങൾ നേരത്തെ വന്നിരുന്നു.

2050 ആകുമ്പോഴേക്കും രാജ്യത്തെ 44.9 കോടിയിലധികം പേർ അമിതഭാരമുള്ളവരാകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. നഗരപ്രദേശങ്ങളിലെ മുതിർന്നവരിൽ ഏകദേശം അഞ്ചിൽ ഒരാൾക്ക് അമിതഭാരമുണ്ടെന്നും കണക്കുകൾ പറയുന്നു. കുട്ടികളുടെ തെറ്റായ ഭക്ഷണക്രമവും വ്യായാമമില്ലായ്മയും മൂലം കുട്ടികളിൽ പൊണ്ണത്തടി വർധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്

സിഗരറ്റ് മുന്നറിയിപ്പുകൾ പോലെ ഭക്ഷണ ലേബലിംഗും ഗൗരവമുള്ളതായി മാറുന്നതിന്റെ തുടക്കമാണിതെന്ന് കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നാഗ്പൂർ ചാപ്റ്റർ പ്രസിഡന്റ് അമർ അമാലെ പറഞ്ഞു. പഞ്ചസാരയും ട്രാൻസ് ഫാറ്റും പുതിയ പുകയിലയാണ്. ആളുകൾ എന്താണ് കഴിക്കുന്നതെന്ന് അറിയാൻ അർഹരാണെന്നും അദ്ദേഹം പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply