കൈയിൽ നിന്ന് താഴെ വയ്ക്കാത്ത ബാക്ടീരിയ ഹബ്ബ്; സ്മാർട്ട്ഫോൺ എങ്ങനെ അണുവിമുക്തമാക്കാം?

ദൈനംദിന ശുചിത്വത്തിന്റെ കാര്യത്തിൽ മലയാളികൾ ഏറെ ശ്രദ്ധിക്കാറുണ്ടെങ്കിലും, പലരും വിട്ടുപോകുന്ന ഒരു പ്രധാന കാര്യമുണ്ട്. നമ്മുടെ സ്മാർട്ട്ഫോണുകൾ വൃത്തിയാക്കുന്നത്. ശരീരത്തിലെ ഒരവയവം പോലെ നമ്മളോട് ചേർന്നുനിൽക്കുന്ന മൊബൈൽ ഫോണുകൾ, രാവിലെ ഉണരുന്നത് മുതൽ രാത്രി ഉറങ്ങുന്നതുവരെ നമ്മുടെ കൈകളിലുണ്ടാകും. ഭക്ഷണം കഴിക്കുമ്പോഴും ബാത്ത്റൂമിൽ പോകുമ്പോഴും പോലും ഫോൺ ഒപ്പമുണ്ടാകും എന്നതിനാൽ ഇതിൽ രോഗാണുക്കൾ പറ്റിപ്പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

ടോയ്ലറ്റ് സീറ്റിനേക്കാൾ അപകടകാരി

ഒരു ടോയ്ലറ്റ് സീറ്റിനേക്കാൾ കൂടുതൽ ബാക്ടീരിയകൾ ഒരു സ്മാർട്ട്ഫോണിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ഇ.കോളി, സ്റ്റാഫൈലോകോക്കസ് ഓറിയസ് തുടങ്ങിയ അപകടകാരികളായ ബാക്ടീരിയകളുടെയും ഇൻഫ്‌ലുവൻസ വൈറസുകളുടെയും സാന്നിധ്യം ഫോണുകളിൽ കണ്ടെത്തിയതായി ‘ജേണൽ ഓഫ് ഹോസ്പിറ്റൽ ഇൻഫെക്ഷൻ’ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ പറയുന്നു.

നമ്മുടെ ശരീരത്തിലെ ചൂട്, ഈർപ്പം, ഭക്ഷണാവശിഷ്ടങ്ങൾ, മേക്കപ്പ് എന്നിവയെല്ലാം സൂക്ഷ്മാണുക്കൾക്ക് ഫോണിൽ വളരാൻ അനുയോജ്യമായ സാഹചര്യമാണ് നൽകുന്നത്. ഫോണിൽ നിന്ന് കൈകളിലേക്ക് പകരുന്ന ഈ അണുക്കൾ പിന്നീട് കണ്ണുകൾ, വായ, ഭക്ഷണം എന്നിവ വഴി എളുപ്പത്തിൽ ശരീരത്തിലേക്ക് പ്രവേശിക്കാം.

ഫോൺ എങ്ങനെ ശുചിയായി സൂക്ഷിക്കാം

വൃത്തിയാക്കൽ: ഫോൺ ഓഫ് ചെയ്ത ശേഷം, 70% ഐസോപ്രോപൈൽ ആൽക്കഹോൾ അടങ്ങിയ വൈപ്പുകൾ ഉപയോഗിച്ചോ അല്ലെങ്കിൽ ആൽക്കഹോൾ സ്‌പ്രേ ചെയ്ത മൈക്രോഫൈബർ തുണി ഉപയോഗിച്ചോ ദിവസവും ഫോൺ തുടയ്ക്കുന്നത് അണുവിമുക്തമാക്കാൻ സഹായിക്കും.

കെയ്സ് വൃത്തിയാക്കൽ: ഫോൺ കെയ്സും ഇതേ രീതിയിൽ ശുചിയാക്കണം. സിലിക്കൺ പോലെയുള്ള കഴുകാൻ സാധിക്കുന്ന കെയ്സുകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി ഉണക്കിയെടുക്കാം. ലെതർ കെയ്സുകൾ സാനിറ്റൈസർ വൈപ്പുകൾ ഉപയോഗിച്ച് തുടയ്ക്കാം.

ബാത്ത്റൂം ഒഴിവാക്കുക: ബാത്ത്റൂമുകൾ രോഗാണുക്കളുടെ കേന്ദ്രമായതിനാൽ ഫോൺ അങ്ങോട്ട് കൊണ്ടുപോകുന്നത് തീർച്ചയായും ഒഴിവാക്കണം. ഇത് ഫോണിൽ കൂടുതൽ രോഗാണുക്കൾ പറ്റിപ്പിടിക്കാൻ കാരണമാകും.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply