നിങ്ങളുടെ കാൽവിരലുകളിൽ, പ്രത്യേകിച്ച് പെരുവിരലിൽ, നല്ല രീതിയിൽ രോമം വളരുന്നുണ്ടോ? എങ്കിൽ അത് നിങ്ങളുടെ ഹൃദയാരോഗ്യം മികച്ച നിലയിലായിരിക്കും എന്നതിന്റെ ലക്ഷണമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ശരീരത്തിൽ മികച്ച രക്തചംക്രമണം നടക്കുന്നു എന്നതിന്റെ സൂചനയായാണ് ഈ പ്രതിഭാസത്തെ ഡോ. ശ്രദ്ധേയ് കത്യാർ എക്സിലെ കുറിപ്പിലൂടെ ചൂണ്ടിക്കാട്ടിയത്.
എന്തുകൊണ്ട് രോമവളർച്ച?
ഹെയർ ഫോളിക്കിളുകൾക്ക് (രോമകൂപങ്ങൾക്ക്) നിവർന്നു നിൽക്കാനും ആരോഗ്യത്തോടെ വളരാനും നല്ല രീതിയിലുള്ള രക്തയോട്ടം അത്യാവശ്യമാണ്. പെരുവിരലിൽ ശക്തമായ രോമവളർച്ചയുണ്ടെങ്കിൽ, നിങ്ങളുടെ ശരീരത്തിൽ രക്തയോട്ടം കാര്യക്ഷമമായി നടക്കുന്നു എന്ന് മനസ്സിലാക്കാം.
രക്തയോട്ടം കുറഞ്ഞാലുള്ള മാറ്റങ്ങൾ.
നിരന്തരമായ ഇൻസുലിൻ പ്രതിരോധം രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്താൻ സാധ്യതയുണ്ട്. ഗ്ലൂക്കോസിന്റെയും ഇൻസുലിന്റെയും അളവ് വർധിക്കുമ്പോൾ ധമനികളെ ബാധിക്കുകയും ഇത് രക്തചംക്രമണം കുറയ്ക്കുകയും ചെയ്യും. രക്തയോട്ടം കുറയുന്നതോടെ കാലിന്റെ പെരുവിരലിലെ രോമങ്ങൾ പതിയെ അപ്രത്യക്ഷമായി തുടങ്ങും. ദീർഘകാലമായി പ്രമേഹമുള്ളവരിൽ ഇത് സാധാരണയായി കണ്ടുവരുന്ന ഒരു ലക്ഷണമാണ്. അതുകൊണ്ട്, കാൽവിരലിലെ രോമവളർച്ച ഹൃദയാരോഗ്യത്തിന്റെ പരോക്ഷമായ ഒരു ലക്ഷണമായി കണക്കാക്കാം.
ശ്രദ്ധിക്കേണ്ട മറ്റ് ലക്ഷണങ്ങൾ: രോമം കൊഴിഞ്ഞു പോകുന്നതിനൊപ്പം, കാൽ മരവിക്കുക, കാൽ തണുത്തിരിക്കുക, നടക്കുമ്പോൾ വേദന അനുഭവപ്പെടുക, ചെറിയ മുറിവുകൾ പോലും ഉണങ്ങാൻ കാലതാമസം എടുക്കുക എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ വൈദ്യസഹായം തേടേണ്ടതാണ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

