2 കോടി തരാമെന്ന് പറഞ്ഞിട്ടും വഴങ്ങിയില്ല; ചൈനയിൽ ദേശിയപാതയ്ക്ക് നടുവിലായി ഒരു വീട്, സംഭവം വൈറലാണ്

ചില സമയങ്ങളിൽ വാശി അത്ര നല്ലതല്ല. അത്തരമൊരു വാശി കാരണം പണികിട്ടി ഇരിക്കുകയാണ് ചൈനയിലെ ജിൻസിയിലുള്ള ഹുവാങ് പിങ് എന്ന വീട്ടുടമസ്ഥൻ. ദേശിയപാത നിര്‍മാണത്തിന് തന്റെ ഭൂമി വിട്ടുകൊടുക്കാന്‍ ഹുവാങ് പിങ് തയാറായില്ല. അത് കൊണ്ടെന്താ. പിങ്ങിന്റെ വീടിന് ചുറ്റുമുള്ള പ്രദേശങ്ങളെ ഉള്‍പ്പെടുത്തി അധികൃതർ റോഡ് നിര്‍മാണം തുടങ്ങി. ഇരുനില വീടിന്‍റെ മേല്‍ക്കൂരയോട് ചേര്‍ന്നാണ് ദേശിയപാത കടന്നുപോകുന്നത്. ഇത്തരത്തിൽ ദേശിയപാതയ്ക്ക് നടുവിലായി നിൽക്കുന്ന ഈ വീടിന്റെ വീഡിയോ സോഷ്യൽ മീഡിയയിലും വൈറലാണ്. റോഡ് നിര്‍മാണത്തിനായി സ്ഥലമേറ്റെടുക്കുന്ന ഘട്ടത്തില്‍ 180,000 പൗണ്ട് അതായത് ഏകദേശം 2 കോടി ആണ് നഷ്ടപരിഹാരമായി അധികൃതര്‍ പിങ്ങിന് വാഗ്ദാനം ചെയ്തത്.

എന്നാൽ തന്റെ വീട് ഒഴിയാനോ ആ സ്‌ഥലം വിട്ടു കൊടുക്കാനോ പിങ്ങ് തയ്യാറായിരുന്നില്ല. ഇപ്പോൾ വീടിനു ചുറ്റും നടക്കുന്ന നിർമാണ പ്രവൃത്തികളുടെ ബഹളവും പൊടിയും കാരണം ആകെ പെട്ടിരിക്കുകയാണ് ആ കൂടുംബം. അന്ന് വാഗ്ദാനം ചെയ്തിരുന്ന പണം വാങ്ങാത്തതിൽ താൻ ഖേദിക്കുന്നു എന്നാണ് ഇപ്പോൾ പിങ് പറയുന്നത്. റോഡ് നിർമാണം പൂർത്തിയായി കഴിഞ്ഞാൽ എങ്ങനെ അവിടെ താമസിക്കും എന്നോർത്ത് ഭയം തോന്നുന്നെന്നും പിങ് പറയുന്നുണ്ട്. ഭാര്യയ്ക്കും കൊച്ചുമകനുമൊപ്പമാണ് ആ വീട്ടിൽ പിങ്ങിന്‍റെ താമസം. ഒരു ടണലിലൂടെയാണ് ഇവർ ഇപ്പോൾ വീട്ടിൽ നിന്ന് പുറത്തു പോകുന്നതും തിരികെ വരുന്നതും. ബഹളം കാരണം ഉറക്കം ഇല്ലെങ്കിലും ഈ വീട് സന്ദർശിക്കാൻ ഒരുപാട് പേർ വരുന്നുണ്ട്. അവരിൽ നിന്നും പൈസ ഈടാക്കാനുള്ള ആലോചനയിലാണ് പിങ് ഇപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *