സംസ്ഥാനത്ത് വേനൽച്ചൂട് കനത്തതോടെ മഞ്ഞപ്പിത്തം പടരുന്നു. ഈ വർഷം ജനുവരി ഒന്നു മുതൽ ഏപ്രിൽ നാലു വരെ 2,872 പേർ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സതേടി. ഇതിൽ 14 പേർ മരണപ്പെട്ടു.
മലിനജലത്തിലൂടെ പടരുന്ന മഞ്ഞപ്പിത്തമാണ് വ്യാപകമാകുന്നത്.
മാർച്ചിലാണ് കൂടുതൽപേർക്ക് മഞ്ഞപ്പിത്തം ബാധിച്ചത്. 1026 പേർ രോഗബാധിതരായി. ഏഴുപേർ മരണപ്പെട്ടു . പലരും രോഗം മൂർച്ഛിച്ചശേഷമാണ് ചികിത്സതേടുന്നത്. ഇത് ജീവൻ അപകടത്തിലാക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
പ്രായമായവരിലും ഗർഭിണികളിലും കുട്ടികളിലും മറ്റ് രോഗങ്ങളുള്ളവരിലും മഞ്ഞപ്പിത്തം ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്. മലിനമായ ജലസ്രോതസ്സുകളിലൂടെയും ശുദ്ധമല്ലാത്ത ജലം ഉപയോഗിച്ച് തയ്യാറാക്കുന്ന ഭക്ഷണപാനീയങ്ങളിലൂടെയും, രോഗം ബാധിച്ചവരുമായി അടുത്തസമ്പർക്കം പുലർത്തുന്നതിലൂടെയുമാണ് രോഗം പകരുന്നത്.
പനി, ക്ഷീണം, ഛർദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഇവ കണ്ടാൽ ഉടൻ ചികിത്സ തേടണം. രണ്ടാഴ്ചവരെ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണം. പ്യൂരിഫയറുകളിൽ നടക്കുന്ന ശുദ്ധീകരണത്തിലൂടെ ഹെപ്പറ്റൈറ്റിസ് എ വൈറസ് നശിക്കില്ല.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

