ഭൂട്ടാനിലെ പാരോയിലുള്ള തക്‌സങ് ദ് സങ് (ടൈഗര്‍ നെസ്റ്റ്) സന്ദര്‍ശനം അപൂര്‍വ അനുഭവമാണ്. ഭൂട്ടാന്‍ യാത്ര അത്രമേല്‍ ഹൃദ്യമാക്കും തക്‌സങ് സന്ദര്‍ശനം. ജമോല്‍ഹരി മലനിരകളുടെ ഭാഗമായ മാനം മുട്ടുന്ന കരിങ്കല്‍ കുന്നിന്റെ ചരിവിലായി തൂങ്ങിക്കിടക്കുന്ന രീതിയിലാണ് തക്‌സങ് സ്ഥിതി ചെയ്യുന്നത്. അതു കൊണ്ടു തന്നെ ഹാങ്കിങ് മൊണാസ്ട്രി എന്ന വിശേഷണവും ഇതിനുണ്ട്. തക് സങ് എന്ന വാക്കിന്റെ പ്രത്യക്ഷ തര്‍ജമയാണത്രെ ഇംഗ്ലീഷിലെ ടൈഗര്‍ നെസ്റ്റ്. എട്ടാം നൂറ്റാണ്ടില്‍ ഗുരു പത്മസംഭവ ( സെക്കന്‍ഡ് ബുദ്ധന്‍ എന്ന പേരില്‍ ഭൂട്ടാനിലെ ജനം ആരാധിക്കുന്നു) പണി കഴിപ്പിച്ച ഈ മൊണാസ്ട്രി നാലു ചെറു ക്ഷേത്ര സമുച്ചയങ്ങള്‍ ചേര്‍ന്നതാണ്. പാരോയില്‍ നിന്ന് 10240 അടി മുകളിലുള്ള തക് സങ്ങില്‍ എത്തിച്ചേരാന്‍ ചെങ്കുത്തായ കയറ്റിറക്കങ്ങള്‍ നിറഞ്ഞ കാനനപാത താണ്ടേണ്ടതുണ്ട്.
മലകയറിക്കൊണ്ടിരിക്കുമ്പോള്‍ മലഞ്ചരുവില്‍ കുഞ്ഞു കിളിക്കൂടു പോലെ ടൈഗര്‍ നെസ്റ്റ് കാണാന്‍ തുടങ്ങും. ടൈഗര്‍ നെസ്റ്റ് വരെ വാഹനം ചെല്ലില്ല. വാഹന ഗതാഗതം അവസാനിക്കുന്നിടത്തുനിന്ന് മൂന്നു മണിക്കൂറിനു മേല്‍ നടന്നു കയറിയാലേ തക്‌സങ്ങിലെത്തൂ. നടത്തത്തിന് സഹായിയായി വഴിയരികില്‍ വൃത്തിയായി വെട്ടി, ചായമടിച്ച ഊന്നുവടികള്‍ ലഭിക്കും. ആളുകള്‍ നടന്നു തെളിഞ്ഞ വഴികളിലൂടെയാണു യാത്രക്കാര്‍ നടക്കേണ്ടത്. അവയില്‍ ചിലത് എളുപ്പവഴികളാണെങ്കിലും കയറ്റം ദുഷ്‌കരമാവും. ഓരോ കയറ്റങ്ങള്‍ കഴിയുമ്പോഴും തക് സങ് കൂടുതല്‍ കൂടുതല്‍ അടുത്തുകാണാനാകും.
കയറ്റത്തിനിടയില്‍ രണ്ടു മൂന്നു വിശ്രമകേന്ദ്രങ്ങളുണ്ട്. വേണമെങ്കില്‍ അവിടെ വിശ്രമിക്കാം. ഭക്ഷണം ലഭിക്കുന്ന ഇടങ്ങളുമുണ്ട് പോകുന്ന വഴിയില്‍. എഴുന്നൂറിലധികം വരുന്ന സ്റ്റെപ്പുകള്‍ ഇറങ്ങി ഒരു ചെറിയ പാലം കടന്നു വേണം തക് സങ് സ്ഥിതി ചെയ്യുന്ന കരിങ്കല്‍ മലയിലെത്താന്‍. പാലത്തിന് ഇടതു വശത്ത് മനോഹരമായ ചെറിയ വെള്ളച്ചാട്ടം. പാലം കടന്നാല്‍ വീണ്ടും പടികള്‍ കയറണം. ഗുരു പത്മ സംഭവ വര്‍ഷങ്ങളോളം തപസിരുന്ന സ്ഥലമാണിത്. ഗുരുവിന്റെ ആത്മീയ പത്‌നിമാരിലൊരാള്‍ കടുവയുടെ രൂപമെടുത്ത് അദ്ദേഹത്തോടൊപ്പം സഹവസിച്ചതായി ഭൂട്ടാന്‍കാര്‍ വിശ്വസിക്കുന്നു. മൊണാസ്ട്രിയുടെ ഉള്‍ഭാഗം കല്ലും മരവും ഉപയോഗിച്ച് നിര്‍മിച്ചതാണ്. ക്ഷേത്രത്തിന്റെ നിര്‍മിതിയെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചുമെല്ലാം പറഞ്ഞുതരാന്‍ അവിടെ ആളുകളുണ്ട്. കയറ്റത്തേക്കാള്‍ ദുഷ്‌ക്കരമാണ് ഇറക്കം. എങ്കിലും ഒരു മഹാനുഭവത്തിലൂടെ കടന്നു പോകാന്‍ സാധിച്ചതിലുള്ള നിര്‍വൃതി യാത്രികരുടെ ഉള്ളില്‍ വിരിയും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

