കണ്ടിട്ടുണ്ടോ; അക്കാ തങ്കച്ചിപ്പാറ ഒരു പറുദീസയാണ്

വിദേശ-ആഭ്യന്തര സഞ്ചാരികളുടെ പറുദീസയാണ് ഇടുക്കിയിലെ മിക്കയിടങ്ങളും. മൂന്നാർ, തേക്കടി, രാമക്കൽമേട്, മുനിയറ, അഞ്ചുരുളി തുടങ്ങിയ സ്ഥലങ്ങളെല്ലാം സഞ്ചാരികൾക്കു പ്രിയപ്പെട്ടതാണ്. എന്നാൽ, സഞ്ചാരികളെത്താത്ത സ്ഥലങ്ങൾ ഇനിയുമുണ്ട് ഇടുക്കിയിൽ. പ്രകൃതി അനുഗ്രഹിച്ച, എത്ര കണ്ടാലും മതിവരാത്ത രമണീയത ഒളിപ്പിച്ച ഇടുക്കിയിലെ അക്കാ തങ്കച്ചിപ്പാറ.

ഐതിഹ്യങ്ങളും മഹാശിലായുഗത്തിന്റെ അവശേഷിപ്പുകളുമുള്ള പ്രദേശമാണ് അക്കാ തങ്കച്ചിപ്പാറ. വിനോദസഞ്ചാരമേഖലയിൽ വൻ സാധ്യതകളുള്ള പ്രദേശമാണിത്. അക്കാ തങ്കച്ചിപ്പാറയെക്കുറിച്ച് അറിയുന്നവർ മാത്രമാണ് ഇപ്പോളെത്തുന്നത്. പ്രദേശത്തിന്റെ ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകൾ വെളിച്ചത്തുകൊണ്ടുവന്നാൽ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടാകും. അത്രയ്ക്കു മനോഹരമായ പ്രദേശമാണ് അക്കാ തങ്കച്ചിപ്പാറ. മറ്റൊരർഥത്തിൽ പറഞ്ഞാൽ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഗ്രാമം.

മഹാശിലായുഗത്തിന്റെ നിരവധി അവശേഷിപ്പുകൾ ഇവിടെ കാണാം. മഹാശിലായുഗത്തിന്റെ അവശേഷിപ്പാണ് അക്കാ തങ്കച്ചിപ്പാറ. ആ കല്ലുപാളികളെ ചുറ്റിപ്പറ്റി ചില ഐതിഹ്യങ്ങളുമുണ്ട്. അക്കാ തങ്കച്ചിപ്പാറയ്ക്കു സമീപമായി ഉയരം കുറഞ്ഞ കല്ലുകളും മുനിയറകളുടെ ഭാഗങ്ങളുമുണ്ട്. കത്തുന്ന വെയിലിലും വീശിയടിക്കുന്ന കാറ്റ് ഇവിടത്തെ പ്രത്യേകതയാണ്. മലനിരകളിൽ മഞ്ഞുമൂടുന്നത് അതിമനോഹരമായ കാഴ്ചയാണ്. മലനിരകളിൽ നിന്നാൽ ആനയിറങ്കൽ ജലാശയവും കാണാം. വൈകുന്നേരങ്ങളിലെ കാഴ്ചകൾ ഒരിക്കലും മറക്കില്ല ആരും!

ശാന്തൻപാറ തോണ്ടിമലയ്ക്കു സമീപമാണ് അക്കാ തങ്കച്ചിപ്പാറ. തമിഴ്നാട് അതിർത്തി ഗ്രാമമാണ് ശാന്തൻപാറ. കൊച്ചിധനുഷ്‌കോടി നാഷണൽ ഹൈവേയിൽ ബോഡിമെട്ട്പൂപ്പാറ വഴിയിൽ തോണ്ടിമലയിൽ നിന്ന് മല കയറി വേണം അക്കാ തങ്കച്ചിപ്പാറയിലെത്താൻ.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply