ശരീരത്തിൽ ചെറിയ സുഷിരങ്ങൾ വരുത്തി നേര്‍ത്ത ക്യാമറ പ്രവേശിപ്പിച്ച് സന്ധികളുടെ ഉള്‍ഭാഗം സ്ക്രീനില്‍ കണ്ട് ചെയ്യുന്ന ശസ്ത്രക്രിയയാണ് ആര്‍ത്രോസ്കോപ്പി. സന്ധികള്‍ക്കുള്ളിലെ സൂക്ഷ്മമായ ശസ്ത്രക്രിയകള്‍ക്ക് അനുയോജ്യമാണിതെന്ന് മെഡിക്കൽ രംഗത്തെ വിദഗ്ധർ പറയുന്നു. പൊട്ടൽ സംഭവിച്ച ലിഗമെന്റുകള്‍ പുനര്‍നിര്‍മിക്കാനും പരിക്കുപറ്റിയ മറ്റു ഘടനകള്‍ യോജിപ്പിക്കുവാനുമായി ആര്‍ത്രോസ്കോപ്പി വ്യാപകമായി ഉപയോഗിക്കുന്നു.
മറ്റു ചില ചികിത്സകൾക്കും ആര്‍ത്രോസ്കോപ്പി ഉപയോഗിക്കുന്നുണ്ട്. സന്ധികള്ക്കുള്ളില്നിന്നു ബയോപ്സി എടുക്കാനും ചെറിയ ട്യൂമറുകള്‍ നീക്കംചെയ്യാനും ആര്‍ത്രോസ്കോപ്പി ഉപയോഗിക്കുന്നു. സന്ധിയുടെ അനക്കത്തെ തടസപ്പെടുത്തുന്ന ലൂസ് ബോഡി, സൈനോവിയത്തിന്റെ അമിത വളര്‍ച്ച എന്നിവ നീക്കം ചെയ്യാനും ആര്‍ത്രോസ്കോപ്പി വ്യാപകമായി ഉപയോഗിക്കുന്നു. സന്ധികളോടു ചേര്‍ന്ന സിസ്റ്റുകള്‍ നീക്കം ചെയ്യുവാനും പഴുപ്പ് കഴുകി കളയാനും ആര്‍ത്രോസ്കോപ്പി ഉപയോഗിക്കുന്നു.
കാല്‍മുട്ടിലും തോളിലുമാണ് ആര്‍ത്രോസ്കോപ്പി വിപുലമായി ഉപയോഗിക്കാറുള്ളത്. ഈ രണ്ടു സന്ധികളിലും കാവിറ്റികള്‍ താരതമ്യേന കൂടുതല്‍ വ്യാപ്തിയുള്ളതിനാല്‍ ക്യാമറയും മറ്റു ഉപകരണങ്ങളും കയറ്റാന്‍ എളുപ്പമാണ്. സ്പോര്‍ട്സിലും മറ്റ് അപകടങ്ങളിലും പരുക്കുകള്‍ കൂടുതലായി സംഭവിക്കുന്നതും ഈ രണ്ട് സന്ധികളിലാണ്. തോളിലെ കീറിയ റോട്ടേറ്റര്‍ കഫ് കൂട്ടി യോജിപ്പിക്കാനും ഇടയ്ക്കിടെ കുഴ തെറ്റുന്നതിനുള്ള ശസ്ത്രക്രിയയ്ക്കും ആര്‍ത്രോസ്കോപ്പി കൂടുതലായി ഉപയോഗിക്കുന്നത്. കൂടാതെ ഇടുപ്പ്, കണങ്കൈ, കണങ്കാല്, മുതലായ ചെറുതും വലിതുമായ മറ്റ് പല സന്ധികളിലും ആര്ത്രസ്കോപ്പി ഉപയോഗിച്ചു ശസ്ത്രക്രിയകള്‍ നടത്തുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

