ഇന്നത്തെ സ്‌പെഷ്യൽ മുരിങ്ങയില ചമ്മന്തി ആയാലോ?

ഇന്ന് തേങ്ങാ ചമ്മന്തിക്കും മുളക് ചമ്മന്തിക്കുമെല്ലാം പകരം, ഒരു അടിപൊളി മുരിങ്ങയില ചമ്മന്തിയായാലോ? ആരോഗ്യഗുണങ്ങൾ ഒരുപാടുള്ള മുരിങ്ങയില ചേർത്ത്, ചോറിനും ദോശക്കും ഇഡ്‌ലിക്കും ഒരുപോലെ രുചികരമായ
ഒരു അടിപൊളി മുരിങ്ങയില ചമ്മന്തി എങ്ങനെ തയ്യാറാക്കുന്നത് എന്ന് നോക്കാം.

ആവശ്യമുള്ള ചേരുവകൾ

മുരിങ്ങയില – കാൽ കപ്പ്
പച്ചമുളക് – എരുവിന് ആവശ്യത്തിന്
വെളുത്തുള്ളി – 15 അല്ലി
പുളി – ഒരു നെല്ലിക്ക വലുപ്പത്തിൽ
എണ്ണ (വെളിച്ചെണ്ണ/നല്ലെണ്ണ) – കാൽ കപ്പ്
കടുക് – 1 ടീസ്പൂൺ + അര ടീസ്പൂൺ
ഉലുവ അര ടീസ്പൂൺ
കായം ഒരു നുള്ള്
ഉപ്പ് – ആവശ്യത്തിന്
കുരുമുളക് പൊടി – ആവശ്യത്തിന്.

തയ്യാറാക്കുന്ന വിധം

മുരിങ്ങയിലയും 7-8 പച്ചമുളകും ഒരു ഇഡ്ഡലിത്തട്ടിൽ വെച്ച് നന്നായി
ആവി കയറ്റി വേവിക്കുക. നന്നായി വെന്ത ശേഷം ഇത് വെള്ളം ചേർക്കാതെ മിക്സിയിലിട്ട് പേസ്റ്റ് രൂപത്തിലാക്കി മാറ്റിവെക്കുക. ഇനി, 1 ടീസ്പൂൺ കടുകും അര ടീസ്പൂൺ ഉലുവയും ഒരു ചീനച്ചട്ടിയിൽ വെവ്വേറെയിട്ട് ചൂടാക്കി വറുത്തെടുക്കുക. ഇത് തണുത്ത ശേഷം ഉരകല്ലിലോ മിക്സിയിലോ ഇട്ട് നന്നായി പൊടിച്ചെടുക്കണം.

ശേഷം, ചീനച്ചട്ടിയിൽ കാൽ കപ്പ് എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ അര ടീസ്പൂൺ കടുക് ഇട്ട് പൊട്ടിക്കുക. കടുക് പൊട്ടി വരുമ്പോൾ ഒരു നുള്ള് കായവും 15 അല്ലി വെളുത്തുള്ളി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റുക. വെളുത്തുള്ളി ഇളം ഗോൾഡൻ നിറമാകുമ്പോൾ പുളിവെള്ളം ചേർത്ത് തിളപ്പിക്കുക.

പുളിവെള്ളം തിളച്ചു വരുമ്പോൾ അരച്ചുവെച്ച മുരിങ്ങയില പേസ്റ്റ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കുരുമുളക് പൊടിയും ചേർത്ത് ഇളക്കുക. ഒടുവിൽ വറുത്ത് പൊടിച്ചുവെച്ച കടുക് -ഉലുവ പൊടി ചേർത്ത് നന്നായി മിക്സ് ചെയ്ത് അടുപ്പിൽ നിന്ന് വാങ്ങി ഉപയോഗിക്കാവുന്നതാണ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply