ദുബായ് ഗ്ലോബൽ വില്ലേജിൻ്റെ മുപ്പതാം പതിപ്പ് അടുത്ത മാസം 15 നു ആരംഭിക്കും . 2026 മെയ് 10 വരെ ഗ്ലോബൽ വില്ലേജ് തുറന്ന് പ്രവർത്തിക്കും . കഴിഞ്ഞ സീസണിൽ 10.5 ദശലക്ഷം സന്ദർശകരാണു ഗ്ലോബൽ വില്ലേജിൽ എത്തിയത് .
വെടിക്കെട്ട്, കരിമരുന്ന് പ്രയോഗം, ക്രിസ്തുമസ് ആഘോഷം, വിവിധരാജ്യങ്ങളിലെ പുതുവർഷ പിറവി ആഘോഷം, വിവിധതരം ഭക്ഷണങ്ങൾ, സാംസ്കാരിക പരിപാടികൾ, ഷോപ്പിംഗ് സെന്ററുകൾ എന്നിവയെല്ലാം പതിവുപോലെ ഗ്ലോബൽ വില്ലേജിൽ ഇത്തവണയും സന്ദർശകർക്ക് പ്രതീക്ഷിക്കാം. ഗ്ലോബൽ വില്ലേജിന്റെ 30-ാം പതിപ്പിനോട് അനുബന്ധിച്ച് പ്രത്യേക പരിപാടികളും ഇത്തവണ ഉണ്ടാകുമെന്ന് അധികൃതർ സൂചിപ്പിക്കുന്നു.

അതേ സമയം ഗ്ലോബൽ വില്ലേജിന്റെ വെബ്സൈറ്റിൽ ഇത്തവണത്തെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചിട്ടില്ല. ഒക്ടോബറിൽ മാത്രമെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിക്കൂവെന്നാണ് സൂചന. കഴിഞ്ഞ സീസണിൽ, പ്രവേശന നിരക്ക് 25 മുതൽ 30 ദിർഹത്തിന് ഇടയിലായിരുന്നു. മൂന്ന് വയസ്സിൽ താഴെയുള്ള കുട്ടികൾക്കും 65 വയസ്സിന് മുകളിലുള്ള മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കും പ്രവേശനം സൗജന്യമായിരുന്നു.
1996-ലാണ് ദുബായ് ഗ്ലോബൽ വില്ലേജിന് തുടക്കമായത്. ഇന്ന് യുഎഇയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന പരിപാടിയായി മേഖലയായി ഗ്ലോബൽ വില്ലേജ് മാറിക്കഴിഞ്ഞു. മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുന്ന ദുബായ് ആഗോളഗ്രാമത്തിൽ ഇക്കുറി പുതിയതെന്ത് എന്നറിയാനുള്ള ആകാംക്ഷയിലാണു ഗ്ലോബൽ വില്ലേജിൻ്റെ ആരാധകർ

