ലോകത്ത് എവിടെനിന്നും താമിൽ വിവാഹം രജിസ്റ്റർചെയ്യാം

1100ലേറെ സർക്കാർ-സ്വകാര്യ സർവിസുകൾ ലഭിക്കുന്ന നിർമിത ബുദ്ധിയിലധിഷ്ഠിതമായ താം ആപ്ലിക്കേഷൻറെ പ്രഖ്യാപനം ദുബൈ ജൈടെക്സ് വേദിയിൽ നടത്തി അബൂദബി. ആപ് മുഖേന ലോകത്തിൽ എവിടെനിന്നും നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്യാനാകും.800 ദിർഹമാണ് വിവാഹ രജിസ്‌ട്രേഷന് ഫീസ്. അബൂദബി ജുഡീഷ്യൽ വകുപ്പിൻറെ മേൽനോട്ടത്തിലായിരിക്കും വിവാഹം. വെബ്എക്സ് വിഡിയോ ലിങ്ക് വഴി വെർച്വലായിട്ടായിരിക്കും വിവാഹച്ചടങ്ങുകൾ.

രണ്ട് സാക്ഷികളും അംഗീകൃത ഉദ്യോഗസ്ഥനും വെർച്വൽ വിവാഹച്ചടങ്ങിൽ സംബന്ധിക്കും. അതിഥികൾക്കും ഓൺലൈനായി പങ്കെടുക്കാം. രാജ്യത്തിന് പുറത്തു താമസിക്കുന്ന ദമ്പതികൾക്കായി ഇവർ നിയോഗിക്കുന്ന പവർഓഫ് അറ്റോർണിക്ക് വിവാഹച്ചടങ്ങിൽ പ്രതിനിധിയാകാം.അബൂദബി സന്ദർശിക്കുന്നവരാണെങ്കിൽ കൂടി താം പ്ലാറ്റ് ഫോമിൽ രജിസ്റ്റർ ചെയ്താൽ ഈ സേവനം ഉപയോഗപ്പെടുത്താമെന്ന് താം കസ്റ്റമർ കെയർ ആൻഡ് ഹാപ്പിനസ് സെക്ടർ എക്സിക്യൂട്ടിവ് ഡയറക്ടർ ഹമ്മദ് അൽഹമ്മദി പറഞ്ഞു.

അറ്റസ്റ്റ് ചെയ്ത വിവാഹസർട്ടിഫിക്കറ്റിന് 300 ദിർഹം കൂടി അധികമായി അടക്കണം. ഇതോടെ ആപ്ലിക്കേഷൻ സ്വയം വിദേശകാര്യ മന്ത്രാലയം മുഖേന സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്തു നൽകും. യു.എ.ഇ പാസ് ഡിജിറ്റൽ ഒപ്പോടു കൂടിയ ഡിജിറ്റൽ സർട്ടിഫിക്കറ്റാണ് നൽകുക.യു.എ.ഇ പാസ്, എമിറേറ്റ്സ് ഐഡി സിസ്റ്റംസ് എന്നിവയുമായി സമന്വയിപ്പിച്ചാണ് വിവാഹ സർവിസ് എന്നതിനാൽ അപേക്ഷകരുടെ ഐഡൻറിറ്റിയും യോഗ്യതയും എളുപ്പത്തിൽ പരിശോധിച്ച് ഉറപ്പാക്കാനാകും. ഏവർക്കും ഈ സേവനം ലഭിക്കുമെന്നും അബൂദബിയിൽ വിവാഹിതാരാവാൻ ആഗ്രഹിക്കുന്നവർക്ക് പൗരത്വം ഏതെന്നു നോക്കാതെ തന്നെ ഓൺലൈനായി സർവിസ് ഉപയോഗിക്കാമെന്നും താം ആപ്ലിക്കേഷൻ മേധാവി മുഹമ്മദ് അൽ അസ്‌കർ പറഞ്ഞു. നേരിട്ട് ഒരു ഓഫിസിൽപോലും പോകാതെയാണ് വിവാഹ രജിസ്ട്രേഷൻ പൂർത്തിയാവുക.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply