യുഎഇയിൽ വേനൽ-ശീതകാല സംക്രമണത്തിന്റെ ഭാഗമായി മഴയുടെ തീവ്രത വർധിക്കാൻ സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും കൂടുതൽ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ, രാജ്യത്ത് മഴ ലഭിക്കുന്നതിനായി പ്രാർഥന നടത്താൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദ്ദേശിച്ചു. ഇതനുസരിച്ച് ഇന്ന് (ഒക്ടോബർ 17), ജുമുഅ നമസ്‌കാരത്തിന് മുന്നോടിയായി രാജ്യത്തെ എല്ലാ പള്ളികളിലും ‘ഇസ്തിസ്ഖാ’ നമസ്‌കാരം നടക്കും.
കഴിഞ്ഞ ദിവസങ്ങളിൽ അബുദാബി, ദുബായ്, ഷാർജ, റാസൽഖൈമ, ഫുജൈറ ഉൾപ്പെടെയുള്ള എമിറേറ്റുകളിൽ മിതമായതും ശക്തവുമായ മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. ഉപരിതലത്തിലും അന്തരീക്ഷത്തിന്റെ ഉയർന്ന പാളികളിലുമുള്ള ന്യൂനമർദ്ദങ്ങളുടെ പ്രതിപ്രവർത്തനമാണ് നിലവിലെ ഈ കാലാവസ്ഥാ മാറ്റങ്ങൾക്കും മേഘരൂപീകരണത്തിനും കാരണമെന്ന് എൻസിഎം വിശദീകരിക്കുന്നു. ഈ മാസം 21 മുതൽ യുഎഇയുടെ കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് എൻസിഎം കാലാവസ്ഥാ നിരീക്ഷകൻ ഡോ. അഹ്‌മദ് ഹബീബ് അറിയിച്ചു. ഒരാഴ്ച മുൻപ് അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദമാണ് ഈർപ്പം വർധിപ്പിച്ച് മേഘങ്ങൾ ഉണ്ടാകാൻ കാരണമായത്. ഈ സാഹചര്യത്തിൽ മലയോര മേഖലകളിലും തെക്കുകിഴക്കൻ ഭാഗങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്, ചിലപ്പോൾ ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്.
അപ്രതീക്ഷിതമായി കാലാവസ്ഥ മാറിയതോടെ താപനിലയിലും കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കടുത്ത വേനലിൽ നിന്ന് ആശ്വാസം നൽകിക്കൊണ്ട് റാസൽഖൈമയിലെ പർവതപ്രദേശങ്ങളിൽ കുറഞ്ഞ താപനില 18.1°C വരെ എത്തി. അന്തരീക്ഷത്തിൽ മേഘങ്ങളുള്ള സാഹചര്യത്തിൽ ക്ലൗഡ് സീഡിങ് പ്രവർത്തനങ്ങൾ തുടരുമെന്നും ഡോ. ഹബീബ് വ്യക്തമാക്കി. ഔദ്യോഗികമായി ഡിസംബർ 21-നാണ് ശീതകാലം തുടങ്ങുന്നതെങ്കിലും ഇപ്പോഴേ കാലാവസ്ഥാ മാറ്റങ്ങൾ ദൃശ്യമായി തുടങ്ങി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

