ഷെയ്ഖ് സായിദ് റോഡിൽ നിന്ന് മാൾ ഓഫ് എമിറേറ്റ്സ് പാർക്കിങ്ങിലേക്കുള്ള പുതിയ പാലം തുറന്നു. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റിയാണ് (RTA) ഇക്കാര്യം അറിയിച്ചത്. അബുദാബി, ജബൽ അലി എന്നിവിടങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് ഷെയ്ഖ് സായിദ് റോഡിൽ നിന്ന് മാൾ ഓഫ് എമിറേറ്റ്സ് പാർക്കിംഗ് മേഖലയിലേക്കുള്ള നേരിട്ട് പ്രവേശിക്കുന്നതിനായാണ് ഈ 300 മീറ്റർ നീളമുള്ള ഒറ്റവരി പാലം നിർമ്മിച്ചിരിക്കുന്നത്. മണിക്കൂറിൽ ഏതാണ്ട് 900 വാഹനങ്ങൾക്ക് കടന്ന് പോകാനാകുന്ന രീതിയിലാണ് ഈ പാലം ഒരുക്കിയിരിക്കുന്നത്. അബുദാബി, ജബൽ അലി എന്നിവിടങ്ങളിൽ നിന്ന് മാൾ ഓഫ് എമിറേറ്റ്സ് ദിശയിൽ വരുന്ന ട്രാഫിക് ഈ പ്രദേശത്തേക്ക് പ്രവേശിക്കുന്നതിന് നിലവിൽ ആവശ്യമായി വരുന്ന പത്ത് മിനിറ്റ് എന്നത് ഈ പാലം തുറന്ന് കൊടുത്തതോടെ കേവലം ഒരു മിനിറ്റാക്കി ചുരുക്കാനാകുമെന്ന് RTA അറിയിച്ചിട്ടുണ്ട്. മാളിന് ചുറ്റുമുള്ള 2.5 കിലോമീറ്റർ നീളത്തിലുള്ള റോഡുകളും RTA നവീകരിച്ചിട്ടുണ്ട്.

ഇതോടൊപ്പം സിഗ്നലുകളുള്ള ആറ് ഇന്റർസെക്ഷനുകളുടെ നിർമ്മാണം, മാൾ ഓഫ് എമിറേറ്റ്സ് മെട്രോ സ്റ്റേഷൻ മേഖലയിലെ ബസ് സ്റ്റേഷന്റെ നവീകരണം തുടങ്ങിയവയും നടപ്പിലാക്കിയിട്ടുണ്ട്.മാൾ ഓഫ് എമിറേറ്റ്സിലേക്കും, സമീപ പ്രദേശങ്ങളിലേക്കും പ്രവേശനം നൽകുന്ന റോഡുകൾ, ഇന്റർസെക്ഷനുകൾ എന്നിവ നവീകരിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പാലം നിർമ്മിച്ചത്. മജീദ് അൽ ഫുതെയിം ഗ്രൂപ്പുമായി സഹകരിച്ചാണ് RTA ഈ കരാർ നടപ്പിലാക്കുന്നത്.ഈ മേഖലയിലെ റോഡുകൾ, ഇന്റർസെക്ഷനുകൾ എന്നിവയുടെ വീതി കൂട്ടുന്നതിനും, അവ കൂടുതൽ മികച്ചതാക്കുന്നതിനുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ മേഖലയിലെ സൈക്ലിംഗ് പാതകൾ, കാൽനട യാത്രികർക്കുള്ള പാതകൾ എന്നിവയുടെ നവീകരണവും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

