യു.എ.ഇയിൽ ഇന്ന് പതാകദിനം ആചരിക്കും. ഇന്ന് രാവിലെ കൃത്യം 11ന് രാജ്യത്തെ എല്ലാ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളും വീടുകളും ദേശീയ പതാക ഉയർത്തും. കഴിഞ്ഞ ദിവസം യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എല്ലാവരും പതാക ഉയർത്തണമെന്ന് ആഹ്വാനം ചെയ്തിരുന്നു.
രാജ്യത്തോടും നേതൃത്വത്തോടുമുള്ള വിശ്വാസത്തെയാണ് ഓരോ പതാകദിനവും അടയാളപ്പെടുത്തുന്നത്. കീറലുകളും മങ്ങലുമില്ലാത്ത പതാകയാണെന്ന് ഉറപ്പുവരുത്തണം. പച്ച, വെള്ള, കറുപ്പ്, ചുവപ്പ് എന്നിങ്ങനെ നാല് നിറങ്ങളുള്ള പതാക രൂപകൽപന ചെയ്തത് ഇമാറാത്തിയായ അബ്ദുല്ല മുഹമ്മദ് അൽ മൈനയാണ്.
ദേശീയ പതാകയെ അപമാനിക്കുന്നവർക്കും ദുരുപയോഗം ചെയ്യുന്നവർക്കും കടുത്ത ജയിൽ ശിക്ഷയും പിഴയും ലഭിക്കും. പതാകദിനത്തോടനുബന്ധിച്ച് തിങ്കളാഴ്ച രാത്രി 8.30ന് ഗ്ലോബൽ വില്ലേജിൽ അതിഗംഭീര ഡ്രോൺ പ്രദർശനം നടക്കും. ദേശീയ പതാകയുടെ നിറങ്ങൾ ആകാശത്ത് വർണപ്പൂരമൊരുക്കും. ബുർജ് അൽ അറബിനു സമീപമുള്ള ഉംസുഖീം ബീച്ചിൽ തുടർച്ചയായ 13ാം വർഷവും ഫ്‌ലാഗ് ഗാർഡൻ തയാറാക്കിയിട്ടുണ്ട്. യു.എ.ഇ രാഷ്ട്രപിതാക്കന്മാരായിരുന്ന ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്‌യാൻ, ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂം എന്നിവരോടുള്ള ആദരസൂചകമായി ആയിരക്കണക്കിന് പതാകകൾ ഉപയോഗിച്ചാണ് ഛായാചിത്രങ്ങൾ തയാറാക്കിയത്. ജനുവരി 10 വരെ ഫ്‌ലാഗ് ഗാർഡൻ സന്ദർശിക്കാം.
പതാക ദിനത്തിന് പൊതു അവധിയില്ലെങ്കിലും ഡിസംബറിലെ ഈദ് അൽ ഇത്തിഹാദിന് (ദേശീയദിനം) മുന്നോടിയായുള്ള ഒരു മാസത്തെ ആഘോഷങ്ങളുടെ തുടക്കമാണിത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

