തേജസ് വിമാനാപകടം: പൈലറ്റിന്റെ മരണത്തിൽ ഇന്ത്യയോട് അനുശോചനം അറിയിച്ച് യുഎഇ

ദുബായ് എയർഷോയിൽ ഇന്ത്യൻ വ്യോമസേനയുടെ പൈലറ്റ് മരിച്ച ദാരുണ സംഭവത്തിൽ ഇന്ത്യയോട് യുഎഇ അനുശോചനം അറിയിച്ചു. പൈലറ്റിന്റെ കുടുംബത്തിനും ഇന്ത്യൻ സർക്കാരിനും ജനങ്ങൾക്കും യുഎഇ വിദേശകാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. ദുബായ് എയർ ഷോയ്ക്കിടെയായിരുന്നു ഇന്ത്യൻ നിർമ്മിത യുദ്ധവിമാനമായ ‘തേജസ്’ തകർന്നുവീണത്. വ്യോമസേനാ വിങ് കമാൻഡർ നമാൻഷ് സ്യാൽ (37) ആണ് അപകടത്തിൽ മരണപ്പെട്ടത്. അദ്ദേഹം ഹിമാചൽ പ്രദേശ് കാൻഗ്ര ജില്ലയിലെ പട്യാൽകാഡ് സ്വദേശിയാണ്.

പ്രാദേശിക സമയം ഉച്ചയ്ക്ക് 2.10-ന്, എട്ട് മിനിറ്റ് നീണ്ടുനിൽക്കുന്ന ആകാശ പ്രദർശനത്തിനിടെയായിരുന്നു അഭ്യാസപ്രകടനം ആസ്വദിക്കാൻ തടിച്ചുകൂടിയവരെ നടുക്കി തേജസ് വിമാനം താഴേക്ക് പതിച്ചത്. വ്യോമസേനയുടെ സൂര്യകിരൺ വിമാനങ്ങൾക്ക് ശേഷം മൂന്നാമതായാണ് തേജസ് വിമാനത്തിന്റെ അഭ്യാസപ്രകടനം നിശ്ചയിച്ചിരുന്നത്. പ്രകടനത്തിനായി ഉയർന്നുപൊങ്ങിയ വിമാനം പിന്നീട് നിയന്ത്രണം വിട്ട് താഴേക്ക് പതിച്ച് തീഗോളമായി മാറുകയായിരുന്നു.

തേജസ് വിമാനം തകർന്നുവീണതിനെ തുടർന്ന് ദുബായ് എയർഷോയുടെ അവസാനദിവസം നടക്കേണ്ടിയിരുന്ന മറ്റ് പരിപാടികൾ റദ്ദാക്കുകയും കാണികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. വിമാനം തകരാനുള്ള കാരണം സംബന്ധിച്ച് അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply