നല്ല പെരുമാറ്റങ്ങളെ പ്രോത്സാഹിപ്പിക്കുകയും സമൂഹത്തിൽ പരസ്പര ബഹുമാനത്തിന്റെയും സൗഹൃദത്തിന്റെയും സംസ്‌കാരം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായി ദുബൈ എമിഗ്രേഷൻ നേതൃത്വത്തിൽ നടത്തുന്ന ‘ഐഡിയൽ ഫേസ്’ രണ്ടാം ഘട്ടത്തിന് തുടക്കമായി. ഇതിന്റെ ഭാഗമായി ദുബൈ അന്തർദേശീയ വിമാനത്താവളത്തിൽ സജ്ജമാക്കിയ പ്രത്യേക ബൂത്ത് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറീനേഴ്സ് അഫയേഴ്സ് ദുബൈ (ജി.ഡി.ആർ.എഫ്.എ.ഡി) മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി ഉദ്ഘാടനം ചെയ്തു.
‘ഇതാണ് നമ്മളാഗ്രഹിക്കുന്ന ദുബൈ’ എന്ന പ്രമേയത്തിലാണ് ഈ സംരംഭം നടപ്പാക്കുന്നത്. ദുബൈ എയർപോർട്സ് ചീഫ് ഓപറേറ്റിംഗ് ഓഫിസർ മാജിദ് അൽ ജോക്കർ, ജി.ഡി.ആർ.എഫ്.എ.ഡി ഡെപ്യൂട്ടി ഡയരക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, ഉന്നത ഉദ്യോഗസ്ഥർ, ദുബൈ എയർപോർട്സ് പാസഞ്ചർ ടെർമിനൽ ഓപറേഷൻസ് വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് ഈസ അൽ ഷംസി തുടങ്ങിയവർ ബൂത്ത് സന്ദർശിച്ചു.
ഐഡിയൽ ഫേസ് 2 ബൂത്ത് ഈ മാസം 13 വരെ ദുബൈ എയർപോർട് ടെർമിനൽ3ലെ ഡിപാർച്ചർ വിഭാഗത്തിൽ പ്രവർത്തിക്കും. നല്ല പെരുമാറ്റം കാഴ്ച വെച്ച വ്യക്തികൾക്ക് ‘ഐഡിയൽ ഫേസ്’ ഇതാണ് നമ്മളാഗ്രഹിക്കുന്ന ദുബൈ’ എന്ന സന്ദേശം ആലേഖനം ചെയ്ത കൃതജ്ഞതാ കാർഡ് നൽകും.ദുബൈ വിമാനത്താവളത്തിലെ പ്ലാറ്റ്ഫോമിലൂടെയും ഔദ്യോഗിക പേജിലൂടെ ഡിജിറ്റലായും ഈ സംരംഭത്തിൽ പ്രതിജ്ഞയെടുക്കാം.