കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹമദ് അൽ-അബ്ദുല്ലയുടെ അധ്യക്ഷതയിൽ അൽ ബയാൻ കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭാ യോഗം നിരവധി സുപ്രധാന ഉത്തരവുകളും നിയന്ത്രണ നിർദേശങ്ങളും അംഗീകരിച്ചു. ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും വാണിജ്യ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും മരുന്ന് സുരക്ഷാ സംവിധാനം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ളവയാണ് ഈ തീരുമാനങ്ങൾ.
ലൈസൻസില്ലാത്ത കറൻസി എക്സ്ചേഞ്ചിന് കർശന ശിക്ഷ നടപ്പാക്കുന്ന നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി. 2013-ലെ വാണിജ്യ സ്ഥാപനങ്ങളുടെ ലൈസൻസ് നിയന്ത്രിക്കുന്ന നിയമം ഭേദഗതി ചെയ്താണ് പുതിയ നിയമം തയ്യാറാക്കിയത്. ലൈസൻസില്ലാതെ കറൻസി വിനിമയം നടത്തുന്നവർക്കുള്ള ശിക്ഷയിലാണ് പ്രധാന മാറ്റങ്ങൾ. സാധാരണക്കാർക്ക് 6 മാസം വരെ തടവോ അല്ലെങ്കിൽ 3,000 ദിനാർ വരെ പിഴയോ ലഭിക്കും. ചില കേസുകളിൽ തടവും പിഴയും ഒരുമിച്ച് ലഭിക്കുന്നതിന് സാധ്യതയുണ്ട്.
കുറ്റകൃത്യം നടത്തുന്ന കടകൾക്കും കമ്പനികൾക്കും 5,000 മുതൽ 20,000 ദിനാർ വരെ പിഴയും സ്ഥാപനങ്ങളുടെ മറ്റ് ബ്രാഞ്ചുകൾ അടച്ചുപൂട്ടുകയും ചെയ്യും. എല്ലാ കേസുകളിലും കുറ്റകൃത്യത്തിന് ഉപയോഗിച്ച പണം, ഉപകരണങ്ങൾ എന്നിവ കണ്ടുകെട്ടും. കുറ്റകൃത്യങ്ങളുടെ അന്വേഷണവും കേസെടുക്കലും പബ്ലിക് പ്രോസിക്യൂഷൻ്റെ ചുമതലയായിരിക്കും. ഈ കരട് നിയമം അമീറിൻ്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

