ഷെയ്ഖ് സായിദ് റോഡും അൽ ഖായിൽ റോഡും തമ്മിലുള്ള ഗതാഗതബന്ധം മെച്ചപ്പെടുത്തി RTA

ഷെയ്ഖ് സായിദ് റോഡിനും അൽ ഖൈൽ റോഡിനുമിടയിൽ അൽ മെയ്ദാൻ സ്ട്രീറ്റ് വഴിയുള്ള കണക്റ്റിവിറ്റി വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഗതാഗത മെച്ചപ്പെടുത്തലുകൾ ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) പൂർത്തിയാക്കി. നഗരത്തിലെ റോഡ് ശൃംഖല ഏകോപിപ്പിനുള്ള ശ്രമങ്ങളുടെ ഭാഗമായ ഈ സംരംഭത്തിൽ ശൈഖ് സായിദ് റോഡിൽ നിന്ന് അൽ മെയ്ദാൻ സ്ട്രീറ്റിലേക്കുള്ള എക്സിറ്റ് നമ്പർ ഡി 69 വീതി കൂട്ടുകയും അതിന്റെ ശേഷി ഒന്ന് മുതൽ രണ്ട് വരെ ഇരട്ടിയാക്കുകയും ചെയ്തു.

ഈ നവീകരണം എക്സിറ്റിലെ വാഹന ശേഷി മണിക്കൂറിൽ 1,500ൽ നിന്ന് 3,000 ആക്കി ഉയർത്തി. തിരക്കേറിയ സമയങ്ങളിൽ യാത്രാ സമയം 40 ശതമാനം വരെയും, ക്യൂ 50 ശതമാനവും കുറച്ചു.ഗതാഗത മെച്ചപ്പെടുത്തലിന്റെ മറ്റൊരു ഫലമെന്നോണം, ഒന്നാം അൽ ഖൈൽ റോഡിന് മുകളിലെ പാലത്തിന്റെ ശേഷി രണ്ട് ദിശകളിലായി മൂന്ന് വരികളിൽ നിന്നും നാലായി മാറി. അൽ ഖൈൽ റോഡ്, അൽ മെയ്ദാൻ സ്ട്രീറ്റ്, ശൈഖ് സായിദ് റോഡ്, അൽ ഹദീഖ സ്ട്രീറ്റ് എന്നിവയ്ക്കിടയിലുള്ള ഗതാഗതത്തെ ഈ നവീകരണം പിന്തുണയ്ക്കുന്നു.

മെച്ചപ്പെടുത്തൽ മുഖേന പാലത്തിന്റെ ശേഷി മണിക്കൂറിൽ 4,500ൽ നിന്ന് 6,000 വാഹനങ്ങളായി 33 ശതമാനത്തിലധികം വർധിപ്പിച്ചു. നല്ല തിരക്കുള്ള (പീക് അവർ) സമയത്തെ ക്രോസിംഗ് സമയം ഏഴ് മിനുട്ടിൽ നിന്ന് നാലായി കുറഞ്ഞു. ഇതോടെ, ഏകദേശം 40 ശതമാനം പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്.
വാഹന പ്രവാഹം കൂടുതൽ മെച്ചപ്പെടുത്താൻ ഉപരിതല റോഡിനും ഫസ്റ്റ് അൽ ഖൈൽ റോഡിന് മുകളിലുള്ള പാലത്തിനുമിടയിലെ കണക്റ്റിംഗ് റാംപുകൾ ഒരു വരിയിൽ നിന്ന് രണ്ട് വരിയായി വികസിപ്പിച്ചു. ഈ മെച്ചപ്പെടുത്തൽ ഗതാഗതക്കുരുക്ക് ഗണ്യമായി ലഘൂകരിച്ചു. പ്രത്യേകിച്ചും, ഉച്ചയ്ക്കും വൈകുന്നേരവും തിരക്കുള്ള സമയങ്ങളിൽ. കാത്തിരിപ്പ് സമയം 50 ശതമാനത്തിലധികവും കുറയ്ക്കാനായി.

ഈ വർഷം നഗരത്തിലെ പ്രധാന മേഖലകളിലായി 75ലധികം ഗതാഗത മെച്ചപ്പെടുത്തൽ പദ്ധതികൾ നടപ്പാക്കാനുള്ള ആർ.ടി.എയുടെ മാസ്റ്റർ പ്ലാനിന്റെ ഭാഗമാണിത്. ജീവിത നിലവാരം മെച്ചപ്പെടുത്തുക, സമൂഹ ക്ഷേമം വർധിപ്പിക്കുക, സംയോജിത അടിസ്ഥാന സൗകര്യങ്ങളിലും മികച്ച സഞ്ചാര സൗകര്യങ്ങളിലും ആഗോള ലീഡറെന്ന നിലയിൽ ദുബൈയുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ആർ.ടി.എയുടെ സുസ്ഥിര വികസന തന്ത്രവുമായി ഈ പദ്ധതി ചേരുന്നു.

Leave a Reply