ദുബായിൽ ഇനി റോബോ ടാക്സികൾ ഊബർ വഴി ബുക്ക് ചെയ്യാം

ദുബായിലെ ഡ്രൈവറില്ലാ റോബോ ടാക്സി സർവീസ് യാത്രക്കാർക്ക് ഇനി ഊബർ (Uber) ആപ്പ് വഴി ബുക്ക് ചെയ്യാമെന്ന് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ.) അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ വിജയകരമായി തുടരുന്ന പദ്ധതിയുടെ ഭാഗമാണിത്.

ദുബായിലെ ബീച്ചുകൾക്ക് സമീപമുള്ള ഉമ്മു സുഖൈം, ജുമൈറ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലാണ് നിലവിൽ റോബോ ടാക്സികൾ ലഭ്യമായിട്ടുള്ളതെന്ന് ആർ.ടി.എ.യുടെ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി സി.ഇ.ഒ. അഹമ്മദ് ബഹ്റൂസിയാൻ പറഞ്ഞു. ഊബർ ആപ്പിൽ ‘ഓട്ടോണമസ് സർവീസ്’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൽ സർവീസ് ബുക്ക് ചെയ്യാം. വിറൈഡ് , ഊബർ ടെക്നോളജീസ് എന്നിവരുമായി സഹകരിച്ചാണ് ദുബായ് ഈ പദ്ധതി നടപ്പാക്കുന്നത്.

ദുബായുടെ സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട് സ്ട്രാറ്റജിയുടെ ഭാഗമായാണ് ഈ റോബോ ടാക്സി പദ്ധതി. 2025 ഏപ്രിലിൽ പ്രഖ്യാപിച്ച സംയുക്ത പദ്ധതിയുടെ ഭാഗമായാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള ഈ സർവീസ് ആരംഭിച്ചത്. നിലവിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വിദഗ്ദ്ധ ഡ്രൈവറുടെ നിരീക്ഷണത്തിലായിരിക്കും കാർ ഓടിക്കുക. 2026-ഓടെ ഇത് പൂർണ്ണമായും ഡ്രൈവറില്ലാ രീതിയിലേക്ക് മാറുമെന്ന് അധികൃതർ അറിയിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply