സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയർ അന്താരാഷ്ട്ര സർവീസുകൾക്ക് ഈ മാസം ഒക്ടോബർ 26-ന് തുടക്കമിടും. ഉദ്ഘാടന പറക്കൽ റിയാദിൽ നിന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്കാണ്. ‘ജമീല’ എന്ന് പേരിട്ടിട്ടുള്ള ബോയിംഗ് 787-9 വിമാനമായിരിക്കും ഈ സർവീസിനായി ഉപയോഗിക്കുക. ബോയിംഗിൽ നിന്നുള്ള പുതിയ വിമാനങ്ങൾ ലഭിക്കുന്നതിനു മുന്നോടിയായി വിമാനക്കമ്പനിയുടെ പ്രവർത്തനക്ഷമത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ‘റോഡ് ടു പെർഫെക്ഷൻ’ പദ്ധതിയുടെ പ്രധാന ഘട്ടമാണ് ലണ്ടനിലേക്കുള്ള ദിവസേനയുള്ള ഈ സർവീസ്.റിയാദിൽ നിന്ന് പുലർച്ചെ 3:15-ന് പുറപ്പെടുന്ന വിമാനം രാവിലെ 7:30-ന് ലണ്ടനിലെത്തും. മടക്കയാത്ര ലണ്ടനിൽ നിന്ന് രാവിലെ 9:30-ന് ആരംഭിച്ച് വൈകുന്നേരം 7:15-ന് റിയാദിൽ തിരിച്ചെത്തും. ലണ്ടനു ശേഷം ദുബായിരിക്കും റിയാദ് എയറിന്റെ അടുത്ത ലക്ഷ്യസ്ഥാനം.
പുതിയ സർവീസുകളുടെ പ്രഖ്യാപനത്തിനൊപ്പം, കമ്പനി തങ്ങളുടെ പുതിയ ലോയൽറ്റി പ്രോഗ്രാമായ ‘സഫീർ’ അവതരിപ്പിച്ചു. സൗദി സംസ്‌കാരത്തിന്റെ സവിശേഷതകളായ ഔദാര്യത്തെയും പങ്കുവെക്കലിന്റെ മനോഭാവത്തെയും പ്രതിഫലിപ്പിക്കുന്നതാണ് ഈ പ്രോഗ്രാം. ‘സഫീർ’ വഴി അംഗങ്ങൾക്ക് പോയിന്റുകളും ആനുകൂല്യങ്ങളും അംഗത്വ നിലയും സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കുവെക്കാൻ സാധിക്കും. പ്രോഗ്രാമിലെ സ്ഥാപക അംഗങ്ങളായ ‘ദി ഫൗണ്ടേഴ്സിന്’ ഭാവി ബുക്കിംഗുകളിൽ മുൻഗണന, പ്രത്യേക സമ്മാനങ്ങൾ, എക്സ്‌ക്ലൂസീവ് അനുഭവങ്ങൾ എന്നിവ ലഭിക്കും. ‘സഫീർ’ പോയിന്റുകൾക്ക് കാലാവധിയുണ്ടായിരിക്കില്ല എന്നതും പ്രത്യേകതയാണ്.
കമ്പനിയുടെ വെബ്സൈറ്റായ www.riyadhair.com വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന ഉപയോക്താക്കൾക്ക് വരാനിരിക്കുന്ന വിമാനങ്ങളിൽ മുൻഗണനാ ബുക്കിംഗ്, പ്രത്യേക പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം, സൗദിക്കകത്തും പുറത്തും സൗജന്യ ടിക്കറ്റുകൾ നേടാനുള്ള അവസരം എന്നിവ ലഭിക്കും.പ്രവർത്തനപരമായ കൃത്യത, ഡിജിറ്റൽ നവീകരണം, സൗദിയുടെ പങ്കുവെക്കലിന്റെ മനോഭാവം എന്നിവ സംയോജിപ്പിച്ചുകൊണ്ട് സൗദി വ്യോമയാന ചരിത്രത്തിൽ ഒരു പുതിയ അധ്യായം തുറക്കുകയാണ് റിയാദ് എയർ എന്ന് സി.ഇ.ഒ. ടോണി ഡഗ്ലസ് വ്യക്തമാക്കി. ഈ ഘട്ടം പ്രവർത്തനങ്ങളുടെ വെറുമൊരു തുടക്കം മാത്രമല്ല, സൗദിയുടെ വിഷൻ 2030-ന്റെ പ്രായോഗികമായ വിവർത്തനമാണെന്നും, ലോകോത്തര യാത്രാനുഭവം ഉറപ്പാക്കാൻ സൂക്ഷ്മമായ കാര്യങ്ങൾ പോലും പരിഷ്‌കരിക്കാൻ ഈ പരീക്ഷണപ്പറക്കലുകൾ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

