തട്ടിപ്പുകൾ വർധിക്കുന്നു: സംശയകരമായ ബാങ്ക് എസ്എംഎസുകൾ ഉടനടി റിപ്പോർട്ട് ചെയ്യണമെന്ന് ഒമാൻ സെൻട്രൽ ബാങ്ക്

സംശയാസ്പദമായ എസ്എംഎസ് അലർട്ടുകൾ ലഭിച്ചാൽ ഉപഭോക്താക്കൾ ഉടൻ തന്നെ ബാങ്കുകളെ അറിയിക്കണമെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ) നിർദ്ദേശിച്ചു. അക്കൗണ്ടിൽ നിന്ന് പണം കൈമാറ്റം ചെയ്യപ്പെട്ടു, പുതിയ ഗുണഭോക്താവിനെ (Beneficiary) ചേർത്തു എന്നിങ്ങനെയുള്ള, തെറ്റിദ്ധാരണയുണ്ടാക്കുന്ന സന്ദേശങ്ങൾ ലഭിച്ചാൽ കാലതാമസം കൂടാതെ ബാങ്കിനെ വിവരം അറിയിക്കണം. തട്ടിപ്പുകൾ വർധിച്ചു വരുന്ന പശ്ചാത്തലത്തിൽ, ഉപഭോക്താക്കളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സിബിഒയുടെ ഈ മുന്നറിയിപ്പ്.

ഇത്തരം സംശയകരമായ സന്ദേശങ്ങൾ ലഭിച്ചാൽ ഉപഭോക്താക്കൾ അതീവ ജാഗ്രത പാലിക്കണം. എസ്എംഎസിൽ നൽകിയിട്ടുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ, സന്ദേശത്തിലെ നമ്പറുകളിലേക്ക് തിരികെ വിളിക്കുകയോ സന്ദേശമയക്കുകയോ ചെയ്യരുത്. പകരം, ഉടൻ തന്നെ ബാങ്കിന്റെ ഔദ്യോഗിക കസ്റ്റമർ കെയർ നമ്പറിൽ ബന്ധപ്പെട്ട് സന്ദേശം റിപ്പോർട്ട് ചെയ്യുകയും അക്കൗണ്ട് സുരക്ഷിതമാക്കുകയും വേണം.

അനധികൃത ഇടപാടുകളോ, പുതിയ ഗുണഭോക്താക്കളെ അനധികൃതമായി ചേർത്തതോ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ബാങ്കുമായി ബന്ധപ്പെടുമ്പോൾ ആവശ്യപ്പെടണമെന്നും സിബിഒ അറിയിച്ചു. തട്ടിപ്പുകളിൽ വീഴുന്നത് ഒഴിവാക്കാൻ ഇത് അത്യാവശ്യമാണ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply