ഗാസയിലേക്ക് ഖത്തറിന്റെ മാനുഷിക സഹായം: അവശ്യവസ്തുക്കളുമായി 49 ട്രക്കുകൾ

ഇസ്രായേലിന്റെ തുടർച്ചയായ ആക്രമണങ്ങൾക്കിടെ ഗാസയിലേക്ക് കൂടുതൽ സഹായവുമായി ഖത്തർ രംഗത്ത്. അവശ്യവസ്തുക്കൾ നിറച്ച 49 ട്രക്കുകളാണ് ഗാസയിലേക്ക് എത്തുന്നത്. ഈ സഹായം ഒരു ലക്ഷത്തിലധികം ആളുകൾക്ക് പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ്, ഖത്തർ ചാരിറ്റി, ഖത്തർ റെഡ് ക്രസന്റ് എന്നിവയുടെ സഹകരണത്തോടെയാണ് ഈ മാനുഷിക സഹായം എത്തിക്കുന്നതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

ഖത്തറിന്റെ സഹായത്തിൽ 30,000 പേർക്ക് പ്രയോജനം ചെയ്യുന്ന 4704 ഫുഡ് പാഴ്‌സലുകൾ, 50,000 പേർക്കുള്ള ഭക്ഷണ കിറ്റുകൾ, 43,000 ആളുകൾക്ക് പ്രയോജനം ലഭിക്കുന്ന 174 ടൺ ധാന്യപ്പൊടികൾ, കൂടാതെ 5000 യൂണിറ്റ് ബേബി ഫുഡ് എന്നിവ ഉൾപ്പെടുന്നു. നിലവിൽ ഈജിപ്തിലും ജോർദാനിലുമാണ് സഹായം വഹിച്ചുള്ള ട്രക്കുകളുള്ളത്. ഇവ കെറം ഷാലോം, റഫ അതിർത്തികൾ വഴി ഉടൻതന്നെ ഗാസയിൽ പ്രവേശിക്കും.

മാസങ്ങൾ നീണ്ട ഉപരോധത്തിനുശേഷം ഗാസയിലേക്ക് സഹായം എത്തിക്കാൻ മാനുഷിക ഇടനാഴി തുറക്കാൻ കഴിഞ്ഞ ദിവസം ഇസ്രായേൽ സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പലസ്തീനികൾക്കായുള്ള ഈ സഹായം എത്തുന്നത്. അതേസമയം, ഗാസ വിഷയത്തിൽ ഖത്തർ യു.എൻ. രക്ഷാസമിതിയിൽ ഇസ്രായേലിന്റെ നിലപാടിനെ ശക്തമായി വിമർശിച്ചിരുന്നു. പലസ്തീനികൾക്കെതിരെ ഭക്ഷണവും പട്ടിണിയും ഇസ്രായേൽ യുദ്ധായുധമായി ഉപയോഗിക്കുകയാണെന്നായിരുന്നു ഖത്തറിന്റെ പ്രധാന വിമർശനം. ഈ വിഷയത്തിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തര ഇടപെടൽ അനിവാര്യമാണെന്നും ഖത്തറിന്റെ യു.എൻ. സ്ഥിരം പ്രതിനിധി ചൂണ്ടിക്കാട്ടിയിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply