ഖത്തർ എയർവേസ് സൗദിയിലെ റെഡ് സീയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചു

ഖത്തർ എയർവേസ് സൗദി അറേബ്യയിലെ റെഡ് സീ ഇന്റർനാഷനൽ വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾക്ക് തുടക്കം കുറിച്ചു. ദോഹയിലെ ഹമദ് ഇന്റർനാഷനൽ വിമാനത്താവളത്തിൽനിന്നാണ് പുതിയ സർവീസ് ആരംഭിച്ചത്. തബൂക്കിന് അടുത്തുള്ള റെഡ് സീ ഇന്റർനാഷനൽ എയർപോർട്ട് ഖത്തർ എയർവേസ് സൗദി അറേബ്യയിൽ സർവീസ് നടത്തുന്ന 12-ാമത്തെ ലക്ഷ്യസ്ഥാനമാണ്. അബഹ, അൽ ഉല, ദമ്മാം, ജിദ്ദ, മദീന, നിയോം, റിയാദ്, തബൂക്ക്, ത്വാഇഫ്, യാംബു എന്നീ നഗരങ്ങളിലേക്കുള്ള സർവീസുകൾക്ക് പുറമെയാണിത്.

ഈ പുതിയ സർവീസ് ഖത്തർ എയർവേസിന്റെ വ്യോമയാന ഗതാഗത മേഖലയിലെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുകയും കണക്ടിവിറ്റി വർധിപ്പിക്കാനുള്ള അവരുടെ ശ്രമങ്ങൾക്ക് ഊർജ്ജം പകരുകയും ചെയ്യും. ആഫ്രിക്ക, ഏഷ്യ, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ദോഹ വഴി റെഡ് സീ ഇന്റർനാഷനൽ എയർപോർട്ടിൽ എത്തിച്ചേരാൻ സാധിക്കും. വിനോദസഞ്ചാരികൾക്കും നിക്ഷേപകർക്കും സൗദിയിലെ സ്വദേശികൾക്കും വിദേശികൾക്കും ഈ സർവീസ് റെഡ് സീ ലക്ഷ്യസ്ഥാനങ്ങളിലേക്ക് തടസ്സമില്ലാത്ത പ്രവേശനം ഉറപ്പാക്കുന്നു. ആഴ്ചയിൽ മൂന്ന് സർവീസുകളാണ് ഖത്തർ എയർവേസ് റെഡ് സീയിലേക്ക് നടത്തുക.

പുതിയ സർവീസ് ആരംഭിച്ചതിനോടനുബന്ധിച്ച് റെഡ് സീ ഇന്റർനാഷനൽ എയർപോർട്ടിൽ ലാൻഡ് ചെയ്ത ഖത്തർ എയർവേസ് പ്രതിനിധി സംഘത്തെ റെഡ് സീ ഗ്ലോബൽ ഗ്രൂപ്പ് സി.ഇ.ഒ ജോൺ പഗാനോയും ആർ.എസ്.ഐ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ ആൻഡ്രൂ ടൈലർ സ്മിത്തും ചേർന്ന് സ്വീകരിച്ചു. ഖത്തർ എയർവേസിന്റെ മുതിർന്ന ഉദ്യോഗസ്ഥരായ അബ്ദുല്ല അൽ മാൽക്കി (എസ്.വി.പി ബിസിനസ് കൺട്രോൾ & ഫിനാൻഷ്യൽ സപ്പോർട്ട്), കാർത്തിക് വിശ്വനാഥൻ (വി.പി സെയിൽസ് – മിഡിലീസ്റ്റ്, കോക്കസസ്, പാകിസ്താൻ & ഐ.എസ്.സി), ശൈഖ് ജാസിം ബിൻ ഫഹദ് ആൽ ഥാനി (എയറോ പൊളിറ്റിക്കൽ & റെഗുലേറ്ററി അഫയേസ് ഹെഡ്) എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ലോകമെമ്പാടുമുള്ള യാത്രക്കാർക്ക് റെഡ് സീ ഇന്റർനാഷനൽ എയർപോർട്ടിലേക്ക് പ്രവേശനം നൽകുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പാണിതെന്നും, ഖത്തർ എയർവേസുമായുള്ള ഈ പങ്കാളിത്തം റെഡ് സീയെ ആഡംബരത്തിനും സുസ്ഥിരതക്കുമുള്ള ഒരു ആഗോള കേന്ദ്രമായി സ്ഥാപിക്കുന്നതിൽ നിർണായകമാണെന്നും റെഡ് സീ ഗ്ലോബൽ ഗ്രൂപ് സി.ഇ.ഒ ജോൺ പഗാനോ അഭിപ്രായപ്പെട്ടു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply