കുവൈറ്റിലെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI), ഏകീകൃത സർക്കാർ സേവന ആപ്പായ ‘സഹൽ’ (Sahel) വഴി പുതിയ ‘റെസിഡൻസ് നോട്ടിഫിക്കേഷൻ’ സേവനം ആരംഭിച്ചു. പുതിയ ലീസ് കരാർ രജിസ്റ്റർ ചെയ്യുന്ന ഉടനെ ഉപയോക്താക്കൾക്ക് മൊബൈലിൽ അറിയിപ്പ് ലഭിക്കുന്ന രീതിയിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. പ്രോപ്പർട്ടി മാനേജ്‌മെന്റ് കൂടുതൽ കാര്യക്ഷമമാക്കാനും കെട്ടിട ഉടമകൾക്ക് തത്സമയ അപ്‌ഡേറ്റുകൾ ഉറപ്പാക്കാനും ഈ സേവനം സഹായിക്കും.
രജിസ്റ്റർ ചെയ്ത ലീസ് കരാർ അംഗീകരിക്കപ്പെടാത്ത സാഹചര്യമുണ്ടായാൽ ആപ്പിലെ തന്നെ ‘റിമോട്ട് റെസിഡൻസ്’ (Remote Residence) സേവനം പ്രയോജനപ്പെടുത്താമെന്ന് അതോറിറ്റി അറിയിച്ചു. സാങ്കേതികമായ മറ്റ് സഹായങ്ങൾ ആവശ്യമാണെങ്കിൽ ഉപയോക്താക്കൾക്ക് പാസി (PACI) ആസ്ഥാനം നേരിട്ട് സന്ദർശിക്കാവുന്നതാണ്. സുതാര്യമായ ഇടപാടുകൾ ഉറപ്പാക്കുന്നതിനും അനധികൃത താമസ രേഖകൾ ഒഴിവാക്കുന്നതിനും പുതിയ സംവിധാനം കരുത്തുപകരുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
സർക്കാർ സേവനങ്ങൾ ഡിജിറ്റൽവൽക്കരിക്കുന്നതിന്റെ ഭാഗമായി കൂടുതൽ സൗകര്യങ്ങളാണ് സഹൽ ആപ്പിൽ ഓരോ ദിവസവും ഉൾപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. വാടകക്കാരുടെ വിവരങ്ങൾ കൃത്യമായി നിരീക്ഷിക്കാനും തർക്കങ്ങൾ ഒഴിവാക്കാനും ഇതിലൂടെ സാധിക്കും. കെട്ടിട ഉടമകൾക്കും നിക്ഷേപകർക്കും ഏറെ ഗുണകരമാകുന്ന ഈ സംവിധാനം നിലവിൽ വന്നതോടെ സിവിൽ ഇൻഫർമേഷൻ വിഭാഗത്തിലെ സേവനങ്ങൾ കൂടുതൽ ലളിതമായി.

