ഒമാനിലെ നികുതി അതോറിറ്റി ഡിജിറ്റൽ ടാക്‌സ് സ്റ്റാമ്പ് (DTS) പദ്ധതിയുടെ മൂന്നാം ഘട്ടം നടപ്പിലാക്കുന്നത് നവംബർ 1-ലേക്ക് നീട്ടി. നേരത്തെ ഇത് ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇറക്കുമതിക്കാർക്കും നിർമ്മാതാക്കൾക്കും ചില്ലറ വ്യാപാരികൾക്കും DTS നിബന്ധനകൾ പൂർണ്ണമായി പാലിക്കുന്നതിന് കൂടുതൽ സമയം നൽകുന്നതിനായാണ് ഈ മാറ്റം.
നവംബർ 1 മുതൽ, ഒമാനിൽ ഡിജിറ്റൽ ടാക്‌സ് സ്റ്റാമ്പുകൾ ഇല്ലാത്ത ശീതളപാനീയങ്ങൾ, എനർജി ഡ്രിങ്കുകൾ, മറ്റ് എക്‌സൈസ് പാനീയങ്ങൾ എന്നിവ വിൽക്കാനോ വിതരണം ചെയ്യാനോ അനുവാദമില്ല. ഈ വിഭാഗത്തിലുള്ള എല്ലാ ഉൽപ്പന്നങ്ങളും ആഭ്യന്തര വിപണിയിൽ പ്രവേശിക്കുന്നതിന് മുമ്പ് അംഗീകൃത ഡിജിറ്റൽ ടാക്‌സ് സ്റ്റാമ്പുകൾ നിർബന്ധമായും പതിച്ചിരിക്കണം. സ്റ്റാമ്പില്ലാത്ത എക്‌സൈസ് ഉൽപ്പന്നങ്ങളുടെ വിൽപ്പനയും വിതരണവും നവംബർ 1 മുതൽ രാജ്യത്ത് കർശനമായി നിരോധിക്കും.
2019 പകുതിയോടെയാണ് ഒമാനിൽ എക്‌സൈസ് നികുതി നിയമം പ്രാബല്യത്തിൽ വന്നത്. തുടക്കത്തിൽ സിഗരറ്റുകൾക്ക് മാത്രമായിരുന്ന ഈ പദ്ധതി പിന്നീട് ഷീഷ, തമ്പാക്ക് ഉൽപ്പന്നങ്ങളിലേക്കും വ്യാപിപ്പിച്ചു. ഇതിന് ശേഷമാണ് കാർബണേറ്റഡ് പാനീയങ്ങൾ, എനർജി ഡ്രിങ്കുകൾ തുടങ്ങിയവയ്ക്കും ഡിജിറ്റൽ ടാഗ് നിർബന്ധമാക്കാൻ തീരുമാനിച്ചത്. ഡിജിറ്റൽ സ്റ്റാമ്പുകൾ എക്‌സൈസ് ഉൽപ്പന്നങ്ങളുടെ നിയന്ത്രണവും നിയമപാലനവും മെച്ചപ്പെടുത്തുകയും ഒമാന്റെ വിപണിയിൽ സുതാര്യത ഉറപ്പാക്കുകയും ചെയ്യും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

