പ്രവാസികളുടെ വിദേശ ആസ്തി വെളിപ്പെടുത്തൽ: സാധാരണക്കാർക്ക് ആശങ്ക വേണ്ടെന്ന് നികുതി വിദഗ്ധർ

വിദേശത്തുള്ള ആസ്തികൾ വെളിപ്പെടുത്തണമെന്ന കേന്ദ്ര ആദായ നികുതി വകുപ്പിന്റെ നിർദ്ദേശത്തിൽ സാധാരണക്കാരായ പ്രവാസികൾക്ക് ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് നികുതി രംഗത്തെ വിദഗ്ധർ വ്യക്തമാക്കി. എന്നാൽ, ഒരു വർഷം 182 ദിവസത്തിൽ കൂടുതൽ ഇന്ത്യയിൽ തങ്ങിയ പ്രവാസികൾ വിദേശത്തെ ആസ്തികൾ നിർബന്ധമായും വെളിപ്പെടുത്തേണ്ടിവരും. കൂടാതെ, ഇന്ത്യയിലെ ബാങ്കുകളിൽ സാധാരണ സേവിങ്സ് അക്കൗണ്ടുകൾ നിലനിർത്തുന്ന പ്രവാസികളും ഈ വിഷയത്തിൽ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

വിവിധ രാജ്യങ്ങളിൽ ബിസിനസ് രംഗത്തുള്ള പ്രവാസികൾക്ക് കഴിഞ്ഞ മാസം 28 മുതൽ വിദേശത്തെ ആസ്തി വെളിപ്പെടുത്താൻ ആവശ്യപ്പെട്ട് കേന്ദ്ര ആദായ നികുതി വകുപ്പിന്റെ എസ്.എം.എസ്, ഇ-മെയിൽ സന്ദേശങ്ങൾ ലഭിച്ചിരുന്നു. ആസ്തി വെളിപ്പെടുത്താത്തവർക്ക് കനത്ത പിഴ ലഭിക്കുമെന്ന മുന്നറിയിപ്പും വകുപ്പ് നൽകിയിരുന്നു. ഇത് ഇന്ത്യയിലും വിദേശത്തും ബിസിനസ് നടത്തുന്ന പല പ്രവാസികളിലും ആശങ്കയുണ്ടാക്കി. ഡിസംബർ ഒന്നിനകം നികുതി റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ പിഴ ഒടുക്കേണ്ടിവരുമെന്നായിരുന്നു അറിയിപ്പ്. നികുതിദായകരെ അവരുടെ വിദേശ ആസ്തികളും വരുമാനവും കൃത്യമായി റിപ്പോർട്ട് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിനായി ആദായ നികുതി വകുപ്പ് രൂപകൽപ്പന ചെയ്ത ‘നഡ്ജ്’ സംരംഭത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ മുന്നറിയിപ്പ് നൽകിയത്.

എന്നാൽ, എൻ.ആർ.ഐ. (നോൺ-റെസിഡന്റ് ഇന്ത്യൻ) സ്റ്റാറ്റസുള്ള പ്രവാസികൾക്ക് ഈ കാര്യത്തിൽ ആശങ്ക വേണ്ടെന്ന് യു.എ.ഇയിലെ ടാക്സ് വിദഗ്ധനായ സി.എ. ഫൈസൽ സലിം പറഞ്ഞു. ഇന്ത്യയിലെ സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ നിലനിർത്തുന്നവർ ആദായ നികുതിയുടെ പരിധിയിൽ വരാതിരിക്കാൻ, അക്കൗണ്ടുകൾ എൻ.ആർ.ഇ. (Non-Resident External), എൻ.ആർ.ഒ. (Non-Resident Ordinary) അക്കൗണ്ടുകളിലേക്ക് മാറ്റേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply