ദുബായിലെ ഹോട്ടലുകളിൽ ഡിജിറ്റൽ, കോൺടാക്ട് ലെസ് ചെക്ക്-ഇൻ സൗകര്യം നടപ്പാക്കാൻ ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അംഗീകാരം നൽകി. ഈ നൂതന സംവിധാനം നിലവിൽ വരുന്നതോടെ ഹോട്ടലുകളിൽ അതിഥികൾ ക്യൂ നിൽക്കുന്നത് ഒഴിവാക്കാനാകും.
പുതിയ പ്ലാറ്റ്‌ഫോമിൽ ഐ.ഡി.യും ബയോമെട്രിക് ഡേറ്റയും ഒറ്റത്തവണ അപ്‌ലോഡ് ചെയ്താൽ മതി. അതിനുശേഷം ഡിജിറ്റൽ ഡേറ്റയുടെ സഹായത്തോടെ കോൺടാക്ട് ലെസ് ചെക്ക്-ഇൻ ലഭ്യമാകും. ഹോട്ടലിൽ താമസിക്കുന്നവരുടെ ഐ.ഡി.യുടെ കാലാവധി കഴിയുന്നതുവരെ ഈ സൗകര്യം ഉപയോഗിക്കാൻ സാധിക്കും. ദുബായ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം ആണ് ഈ ഡിജിറ്റൽ സംവിധാനം രൂപകൽപ്പന ചെയ്തത്.
എമിറേറ്റിൽ ഇടയ്ക്കിടെ സന്ദർശനം നടത്തുന്നവർക്ക് ഫ്രണ്ട് ഡെസ്കിൽ എത്തി ചെക്ക്-ഇൻ ചെയ്യേണ്ട ആവശ്യം ഇതിലൂടെ ഒഴിവാകും. ഹോട്ടലിൽ എത്തുന്നതിനു മുമ്പ് മൊബൈൽ ഫോണിലൂടെ അതിഥികൾക്ക് ചെക്ക്-ഇൻ ചെയ്യാനാകും. തുടർച്ചയായി സന്ദർശിക്കുന്നവർക്ക് പിന്നീട് മുഖം തിരിച്ചറിയൽ പോലുള്ള വേഗത്തിലുള്ള സ്ഥിരീകരണ നടപടികൾ മാത്രമേ ആവശ്യമായി വരൂ. നിലവിൽ ഹോട്ടലുകൾ ഉപയോഗിക്കുന്ന ആപ്പുകളിലും വെബ് പ്ലാറ്റ്‌ഫോമുകളിലും ഈ സംവിധാനം എളുപ്പത്തിൽ സംയോജിപ്പിക്കാൻ അവസരമൊരുക്കിയിട്ടുണ്ട്. കാർ വാടക കേന്ദ്രങ്ങൾ പോലുള്ള ടൂറിസ്റ്റുകൾ ആശ്രയിക്കുന്ന മറ്റ് സേവന കേന്ദ്രങ്ങളിലും ബയോമെട്രിക് ഓതന്റിക്കേഷൻ സൗകര്യങ്ങൾ വിപുലീകരിക്കാൻ പദ്ധതിയുണ്ട്. ഈ വർഷം ആദ്യ പത്തു മാസത്തിനിടെ 15.70 ദശലക്ഷം സന്ദർശകരാണ് ദുബായിൽ എത്തിയത്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ അഞ്ച് ശതമാനം അധികമാണ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

