യുഎഇയിൽ ജുമുഅ നമസ്കാര സമയത്തിൽ വരുത്തിയ മാറ്റം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പുതിയ ഉത്തരവ് പ്രകാരം രാജ്യത്തെ എല്ലാ പള്ളികളിലും ഉച്ചയ്ക്ക് 12.45-നായിരിക്കും ജുമുഅ നമസ്കാരം നടക്കുക. നിലവിൽ ഷാർജ ഒഴികെയുള്ള എമിറേറ്റുകളിൽ ഉച്ചയ്ക്ക് 1.15-നായിരുന്നു നമസ്കാരം നടന്നിരുന്നത്. പുതിയ ക്രമീകരണത്തിലൂടെ നമസ്കാര സമയം 30 മിനിറ്റ് നേരത്തെയാകും.
ജനറൽ അതോറിറ്റി ഫോർ ഇസ്‌ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെന്റ് ആൻഡ് സകാത്താണ് (ഔഖാഫ്) ഈ മാറ്റം പ്രഖ്യാപിച്ചത്. രാജ്യത്തെ കുടുംബങ്ങൾക്കും തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഏകീകൃത സമയക്രമം നടപ്പിലാക്കുന്നത്. 2026 ‘കുടുംബ വർഷമായി’ ആചരിക്കുന്നതിന്റെ ഭാഗമായി, താമസക്കാർക്ക് കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ഈ മാറ്റം ഉപകരിക്കുമെന്ന് അധികൃതർ വിലയിരുത്തുന്നു.
2022-ൽ വാരാന്ത്യ അവധി ശനി, ഞായർ ദിവസങ്ങളിലേക്ക് മാറ്റിയതിനെത്തുടർന്നാണ് ജുമുഅ നമസ്കാരം 1.15-ലേക്ക് മാറ്റിയിരുന്നത്. എന്നാൽ പുതിയ വർഷാരംഭത്തിൽ വിശ്വാസികളുടെ സൗകര്യം കൂടി പരിഗണിച്ച് സമയം 12.45-ലേക്ക് പുനഃക്രമീകരിക്കുകയായിരുന്നു. ഷാർജയിൽ നിലവിൽ തന്നെ വെള്ളി ഒഴിവുദിവസമായതിനാൽ നേരത്തെയുള്ള സമയക്രമമാണ് പിന്തുടരുന്നത്. ഇതോടെ രാജ്യത്തുടനീളം ഏകീകൃതമായ സമയക്രമം നിലവിൽ വരും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

