പാസ്‌പോർട്ടോ മറ്റു രേഖകളോ പുറത്തെടുക്കാതെ യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞ് ചെക്-ഇൻ പൂർത്തിയാക്കാൻ സാധിക്കുന്ന സംവിധാനം ദുബൈ വിമാനത്താവളത്തിൽ വിപുലീകരിക്കുന്നു. എമിറേറ്റ്‌സ് എയർലൈനിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്കുവേണ്ടി കമ്പനി ടെർമിനൽ മൂന്നിൽ 200ൽ ഏറെ ബയോമെട്രിക് കാമറകൾ സ്ഥാപിക്കും. യാത്രക്കാരുടെ ചെക്-ഇൻ വളരെ വേഗത്തിലാക്കാൻ സഹായിക്കുന്ന പദ്ധതി 8.5 കോടി ദിർഹമിൻറെ നിക്ഷേപത്തിൻറെ ഭാഗമായാണ് സജ്ജീകരിക്കുന്നത്.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിൻറെ(ജി.ഡി.ആർ.എഫ്.എ) സഹകരണത്തോടെ വികസിപ്പിച്ച ‘ഫേസ് റെകഗ്‌നിഷൻ’ സംവിധാനം വഴി നേരത്തേ രജിസ്റ്റർ ചെയ്ത എമിറേറ്റ്‌സ് യാത്രക്കാർക്ക് ചെക്-ഇൻ, ഇമിഗ്രേഷൻ, ലോഞ്ചുകൾ, ബോർഡിങ് ഗേറ്റുകൾ എന്നിവയിലൂടെ കാമറയിൽ നോക്കുക മാത്രം ചെയ്ത് കടന്നുപോകാം. പുതിയ സാങ്കേതികവിദ്യ യാത്രക്കാരനെ ഒരു മീറ്റർ അകലെവെച്ച് തിരിച്ചറിയുമെന്നും രേഖകൾ കാണിക്കാതെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സഹായിക്കുമെന്നും എമിറേറ്റ്‌സ് വ്യക്തമാക്കി.
എമിറേറ്റ്‌സ് ആപ്പിലോ സെൽഫ് സർവിസ് കിയോസ്‌കുകളിലോ ചെക്-ഇൻ കൗണ്ടറുകളിലോ രജിസ്റ്റർ ചെയ്താൽ സംവിധാനം ഉപയോഗിക്കാനാകും. ഒരിക്കൽ രജിസ്റ്റർ ചെയ്താൽ പിന്നീട് എപ്പോഴും നിശ്ചിത ബയോമെട്രിക് ലെയ്‌നിലൂടെ കടന്നുപോകാനാകും.
ഏറ്റവും പുതിയ ബയോമെട്രിക്‌സ് സംവിധാനം വികസിപ്പിച്ചതിലൂടെ വേഗം, കാര്യക്ഷമത, കൃത്യത എന്നിവ ഉറപ്പാക്കിക്കൊണ്ട് ഉപഭോക്തൃ യാത്രാനുഭവം മെച്ചപ്പെടുത്തുകയാണെന്നും, 2017 മുതൽ സംവിധാനങ്ങൾ നവീകരിക്കുന്നതിനും ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ നടപ്പാക്കുന്നതിനും ജി.ഡി.ആർ.എഫ്.എയുമായി സഹകരിച്ച് പ്രവർത്തിക്കുകയാണെന്നും എമിറേറ്റ്‌സ് ഡെപ്യൂട്ടി പ്രസിഡന്റും ചീഫ് ഓപറേറ്റിങ് ഓഫിസറുമായ ആദിൽ അൽ റെദ പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

