കുവൈത്തിലെ വിവിധ മേഖലകളിൽ ഇലക്ട്രിക് സ്കൂട്ടറുകളുടെയും സൈക്കിളുകളുടെയും ഉപയോഗം ക്രമീകരിക്കുന്നതിനായി പുതിയ നിയമാവലി രൂപീകരിക്കുന്നു. പൊതുനിരത്തുകളിൽ സ്കൂട്ടറുകൾ ഓടിക്കുന്നത് വർദ്ധിച്ചുവരുന്ന അപകടങ്ങൾക്കും ഗതാഗത തടസ്സങ്ങൾക്കും കാരണമാകുന്നു എന്ന പരാതികളെത്തുടർന്നാണ് ഈ നീക്കം. ഇതുസംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാനായി കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ മനാൽ അൽ അസ്ഫൂർ പ്രത്യേക സമിതി രൂപീകരിച്ച് ഉത്തരവിറക്കി.
മുനിസിപ്പാലിറ്റി ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിലുള്ള സമിതിയിൽ വാണിജ്യ-വ്യവസായ മന്ത്രാലയം, പൊതുമരാമത്ത് മന്ത്രാലയം, ധനമന്ത്രാലയം, ടൂറിസം പ്രോജക്ട് കമ്പനി തുടങ്ങിയ വിവിധ സർക്കാർ വകുപ്പുകളിലെ പ്രതിനിധികൾ അംഗങ്ങളായിരിക്കും. അയൽരാജ്യങ്ങളിലും വിദേശ രാജ്യങ്ങളിലും നിലവിലുള്ള ഇത്തരം നിയമങ്ങൾ സമിതി വിശദമായി പഠിക്കും. സ്കൂട്ടർ, സൈക്കിൾ സേവനങ്ങൾ നൽകുന്ന കമ്പനികളിൽ നിന്ന് വാഹനങ്ങളുടെ വേഗത, വലിപ്പം, ലൈസൻസിംഗ് തുടങ്ങിയ വിവരങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായ രീതിയിലാകും പുതിയ നിയമങ്ങൾ തയ്യാറാക്കുക.
സ്കൂട്ടറുകളും സൈക്കിളുകളും ഉപയോഗിക്കാൻ അനുയോജ്യമായ പ്രത്യേക റൂട്ടുകൾ നിശ്ചയിക്കുന്നതിനൊപ്പം വാഹനങ്ങൾക്കും അവ ഓടിക്കുന്നവർക്കും ലൈസൻസ് നിർബന്ധമാക്കുന്ന കാര്യവും സമിതിയുടെ പരിഗണനയിലുണ്ട്. നിലവിൽ കുവൈത്തിലെ പ്രധാന ഹൈവേകളിലും പൊതു നടപ്പാതകളിലും ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും, പുതിയ നിയമാവലി വരുന്നതോടെ ഇവയുടെ ഉപയോഗം കൂടുതൽ വ്യവസ്ഥാപിതമാകും. അപകടങ്ങൾ കുറയ്ക്കാനും സുരക്ഷിതമായ ഗതാഗത സംവിധാനം ഉറപ്പാക്കാനുമാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

