കുവൈത്തിൽ പ്രവാസികൾക്കും നിക്ഷേപകർക്കും ചിപ്പ് ഘടിപ്പിച്ച സിവിൽ ഐഡി; 15 വർഷം വരെ കാലാവധി

കുവൈത്തിൽ നിശ്ചിത വിഭാഗം പ്രവാസികൾക്കായി ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച പുതിയ സിവിൽ ഐഡി കാർഡുകൾ പുറത്തിറക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് ആണ് ഇതുസംബന്ധിച്ച ഉത്തരവിൽ ഒപ്പുവെച്ചത്. കുവൈത്തിൽ സ്വന്തമായി വസ്തുവകകളുള്ള പ്രവാസികൾക്കും, നിക്ഷേപക നിയമപ്രകാരം നിക്ഷേപം നടത്തിയിട്ടുള്ള വിദേശികൾക്കുമാണ് ഈ പുതിയ ആനുകൂല്യം ലഭിക്കുക.

പുതിയ ഉത്തരവ് പ്രകാരം, വസ്തു ഉടമകളായ പ്രവാസികൾക്ക് 10 വർഷം കാലാവധിയുള്ള സിവിൽ ഐഡി കാർഡുകൾ ലഭിക്കും. വിദേശ നിക്ഷേപകർക്ക് 15 വർഷം കാലാവധിയുള്ള കാർഡുകളാണ് അനുവദിക്കുക. വ്യക്തിഗത വിവരങ്ങൾ കൂടുതൽ സുരക്ഷിതമായി സൂക്ഷിക്കാനും കൃത്യമായി പരിശോധിക്കാനും ചിപ്പ് ഘടിപ്പിച്ച കാർഡുകൾ സഹായിക്കും.

കാർഡിലെ വിവരങ്ങൾ പരിഷ്കരിക്കാനും ചിപ്പിലെ ഡാറ്റാ ഘടനയിൽ മാറ്റങ്ങൾ വരുത്താനുമുള്ള അധികാരം പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) ഡയറക്ടർ ജനറലിനായിരിക്കും. നിലവിലുള്ള സിവിൽ ഐഡി നിയമങ്ങൾ തുടരുന്നതിനൊപ്പം തന്നെ ഈ പുതിയ തീരുമാനവും പ്രാബല്യത്തിൽ വരും. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നത് മുതൽ പുതിയ നിയമം നടപ്പിലാകും.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply