കുവൈത്തിൽ തൊഴിലാളികൾക്ക് മാസശമ്പളം നൽകാതിരുന്നാൽ കർശന നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ശമ്പളം മുടങ്ങുന്നതും തൊഴിൽ കരാറുകൾ ലംഘിക്കുന്നതും വ്യാപകമായ സാഹചര്യത്തിലാണ് ഈ തീരുമാനം. തൊഴിൽ നിയമം ലംഘിച്ച് ചില സ്ഥാപനങ്ങൾ വാഗ്ദാനം ചെയ്ത ശമ്പളത്തിന്റെ ഒരു ഭാഗം മാത്രം നൽകുന്നതായും, സിവിൽ ഐഡിയോ ബാങ്ക് അക്കൗണ്ടോ ഇല്ലാത്ത പുതിയ ജീവനക്കാരെ ജോലിക്ക് പ്രവേശിപ്പിക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്ന തൊഴിൽദാതാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) വ്യക്തമാക്കി.
ശമ്പളം ലഭിക്കാത്തതോ കരാർ ലംഘനമോ നേരിടുന്ന തൊഴിലാളികൾ അടുത്തുള്ള PAM ഓഫീസിൽ ഔദ്യോഗികമായി പരാതി നൽകണം. ബാങ്ക് നിക്ഷേപ രേഖകൾ, ശമ്പള സ്ലിപ്പുകൾ, കരാറിന്റെ പകർപ്പ് തുടങ്ങിയ തെളിവുകൾ സഹിതമാണ് പരാതി നൽകേണ്ടത്. തൊഴിലുടമ പരാതി അവഗണിച്ചാൽ, PAM കേസ് ലേബർ കോടതിയിലേക്ക് റഫർ ചെയ്യുകയും കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യും. തൊഴിലാളി രാജ്യം വിട്ടുപോയെങ്കിൽ, ബന്ധപ്പെട്ട എംബസിയെ സമീപിച്ച് രേഖാമൂലം കേസ് റിപ്പോർട്ട് ചെയ്യണമെന്നും തൊഴിൽ വിദഗ്ധർ നിർദേശിച്ചു. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നിയമങ്ങൾ കർശനമാക്കണമെന്നും നിരീക്ഷണം ശക്തമാക്കണമെന്നും തൊഴിൽ സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

