ദോഹയിലെ ഇന്ത്യൻ എംബസി പാസ്‌പോർട്ട് അപേക്ഷകർക്കും പുതുക്കുന്നവർക്കുമായി ഫോട്ടോ സംബന്ധിച്ച പുതിയ കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പാസ്‌പോർട്ട് സേവാ പോർട്ടൽ പുതുക്കുന്നതിന്റെ ഭാഗമായി, അപേക്ഷകർ ഇനിമുതൽ ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ICAO) മാനദണ്ഡങ്ങൾ നിർബന്ധമായും പാലിച്ചിരിക്കണം. ICAOയുടെ പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച്, അപേക്ഷയോടൊപ്പം ചേർക്കുന്ന ഫോട്ടോയിൽ 80% മുതൽ 85% വരെ മുഖം (തല, തോൾ എന്നിവ ഉൾപ്പെടെ) വ്യക്തമായി കാണിക്കുന്ന ക്ലോസപ്പ് ആയിരിക്കണം. ഫോട്ടോ 630×810 പിക്സലുകളിലുള്ള കളർ ഫോട്ടോ ആയിരിക്കണം, കൂടാതെ പശ്ചാത്തലം വെള്ള നിറത്തിലായിരിക്കണം.
ചർമ്മത്തിന്റെ കളർടോണുകളിൽ എഡിറ്റ് ചെയ്യരുത്. ഉചിതമായ വെളിച്ചവും കോൺട്രാസ്റ്റും ഉണ്ടായിരിക്കണം. മുഖത്ത് നിഴലുകൾ ഉണ്ടാവരുത്. കണ്ണടകളുടെ പ്രതിഫലനം ഉണ്ടാകരുത്, അത് ഒഴിവാക്കാൻ കണ്ണടകൾ വെക്കാതിരിക്കണം. അപേക്ഷകന്റെ കണ്ണുകൾ തുറന്നതും വ്യക്തമായി കാണാവുന്നതുമാവണം, ക്യാമറയിലേക്ക് നേരിട്ട് നോക്കുന്ന രൂപത്തിലായിരിക്കണം. കണ്ണുകൾക്ക് കുറുകെ രോമങ്ങൾ ഉണ്ടാകരുത്, കണ്ണ് ചുവപ്പായിരിക്കരുത്.
ക്യാമറയിൽ നിന്ന് 1.5 മീറ്റർ അകലെ നിന്ന് എടുക്കണം. മതപരമായ കാരണങ്ങളാൽ ഒഴികെ ശിരോവസ്ത്രം ധരിക്കാൻ അനുവാദമില്ല, താടിയുടെ അടിഭാഗം മുതൽ നെറ്റിയുടെ മുകൾഭാഗം വരെയും മുഖത്തിന്റെ രണ്ട് അരികുകളും വ്യക്തമായി കാണിച്ചിരിക്കണം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

