ഷാർജയിലെ പള്ളി പരിസരങ്ങളിൽ വെള്ളിയാഴ്ചകളിലെ തിരക്കിനിടയിൽ അനധികൃത പാർക്കിങ് ഉണ്ടാകുന്നത് തടയാനായി ഷാർജ പോലീസ് പ്രത്യേക ബോധവത്കരണ കാമ്പയിന് തുടക്കം കുറിച്ചു. അനധികൃത പാർക്കിങ് ഗതാഗത തടസ്സങ്ങൾക്ക് കാരണമാകുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ നടപടിയെന്ന് ട്രാഫിക് ആൻഡ് പട്രോൾസ് ഡിപ്പാർട്ട്മെന്റ് തലവൻ മർസൂഖ് ഖൽഫാൻ അൽ നഖ്ബി അറിയിച്ചു.
നിയമലംഘനങ്ങളെക്കുറിച്ച് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്ന ലഘുലേഖകളും പോലീസ് വിതരണം ചെയ്തു. മറ്റ് വാഹനങ്ങൾക്ക് പിന്നിൽ വാഹനം പാർക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്കിനും സമയം നഷ്ടപ്പെടുന്നതിനും ഇടയാക്കുമെന്ന മുന്നറിയിപ്പാണ് ലഘുലേഖകളിൽ പ്രധാനമായും നൽകിയിരുന്നത്. ഡ്രൈവർമാർക്കിടയിലെ ട്രാഫിക് ബോധം വർദ്ധിപ്പിക്കുന്നതിനും നിയമങ്ങൾ പാലിക്കുന്നതിനുള്ള സംസ്‌കാരം ശക്തിപ്പെടുത്തുന്നതിനുമായി ഷാർജ പോലീസ് നടത്തുന്ന വിപുലമായ നടപടികളുടെ ഭാഗമാണ് ഈ കാമ്പയിൻ.
ഗതാഗത അച്ചടക്കം ഒരു വ്യക്തിക്ക് സമൂഹത്തോടുള്ള ബഹുമാനത്തെ പ്രതിഫലിപ്പിക്കുന്ന പരിഷ്‌കൃതമായ പെരുമാറ്റമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വാഹനങ്ങൾ ശരിയായ രീതിയിൽ പാർക്ക് ചെയ്യണമെന്നും, മറ്റു വാഹനങ്ങൾക്ക് തടസ്സമുണ്ടാക്കുന്ന വിധത്തിൽ അനധികൃതമായി പാർക്ക് ചെയ്യുന്നതിൽ നിന്ന് ഡ്രൈവർമാർ വിട്ടുനിൽക്കണമെന്നും പോലീസ് അഭ്യർഥിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

