യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും ആലിപ്പഴ വർഷവും തുടരുന്നു. വ്യാഴാഴ്ച പുലർച്ചെ മുതൽ രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. മഴയെത്തുടർന്ന് പലയിടങ്ങളിലും വാദികൾ നിറഞ്ഞൊഴുകുകയാണ്. ഡിസംബർ 19 വെള്ളിയാഴ്ച വരെ രാജ്യത്ത് പ്രക്ഷുബ്ധമായ കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും വീശുന്നതിനാൽ റാസൽഖൈമയിൽ നിരവധി കടകളും ഗോഡൗണുകളും തകർന്നു. ഉമ്മുൽ ഖുവൈൻ, ഖോർഫക്കാൻ, കോറൽ ഐലൻഡ് തുടങ്ങിയ പ്രദേശങ്ങളിലും ശക്തമായ കാറ്റും ആലിപ്പഴ വർഷവുമുണ്ടായി. ചിലയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴ തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
മഴയ്ക്കൊപ്പം രാജ്യത്ത് തണുപ്പും വർദ്ധിച്ചിട്ടുണ്ട്. ജബൽ ജെയ്‌സ് പർവതനിരകളിൽ പുലർച്ചെ താപനില 9.2°C ആയി കുറഞ്ഞു. അബൂദബിയിൽ 19°C നും 28°C നും ഇടയിലും, ദുബൈയിൽ 19°C നും 27°C നും ഇടയിലുമായിരിക്കും താപനില. ഷാർജയിൽ കുറഞ്ഞ താപനില 18°C വരെ രേഖപ്പെടുത്തും. വാദികൾക്ക് സമീപം പോകുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

