സൗദി അറേബ്യയിൽ ലേബർ ക്യാമ്പുകൾക്കും തൊഴിലാളികളുടെ താമസ ഇടങ്ങൾക്കും പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി മുനിസിപ്പൽ ഭവന മന്ത്രാലയം. തൊഴിലാളികളുടെ സുരക്ഷയും സാമൂഹിക ആരോഗ്യ സംരക്ഷണവും ഉറപ്പാക്കുക എന്നതാണ് ഈ പുതിയ ചട്ടങ്ങളിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ ശക്തമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ആരോഗ്യ, വാണിജ്യ, മാനവ വിഭവശേഷി, സാമൂഹിക വികസനം, വ്യവസായം, ധാതു വിഭവശേഷി മന്ത്രാലയങ്ങളുമായി സഹകരിച്ചാണ് മുനിസിപ്പൽ ഭവന മന്ത്രാലയം ഈ ചട്ടങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലേബർ ക്യാമ്പുകൾ, തൊഴിലാളികളുടെ താമസകേന്ദ്രങ്ങൾ എന്നിവ നിർമ്മിക്കുന്നതിനും സജ്ജീകരിക്കുന്നതിനും ഈ ചട്ടങ്ങൾ നിർബന്ധമായും പാലിക്കണം.
500 പേർക്ക് താമസിക്കാവുന്ന കെട്ടിടങ്ങളിൽ കിടപ്പുമുറികൾക്ക് നാല് ചതുരശ്ര മീറ്ററിൽ കുറയാത്ത വിസ്തീർണം ഉണ്ടായിരിക്കണം. കിടപ്പുമുറിയിൽ ഉൾക്കൊള്ളുന്ന ആളുകളുടെ എണ്ണം പത്തിൽ കൂടാൻ പാടില്ല. ഒപ്പം ഓരോ എട്ട് പേർക്കും ഒരു ബാത്ത്റൂമും സജ്ജീകരിക്കണം. എല്ലാ ആളുകൾക്കും എളുപ്പത്തിൽ എത്തിച്ചേരാവുന്ന രീതിയിൽ ഓരോ നിലയിലും കുറഞ്ഞത് രണ്ട് അടുക്കളകൾ, ഓരോ വ്യക്തിക്കും 0.7 ചതുരശ്ര മീറ്ററിൽ കുറയാത്ത വിസ്തീർണത്തോടെ വിശ്രമത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യങ്ങൾ, വാഷിംഗ് റൂം എന്നിവയും ഒരുക്കണം.
കിടപ്പുമുറികളിൽ തണുപ്പിക്കുന്നതിനും ചൂടാക്കുന്നതിനുമുള്ള എയർ കണ്ടീഷനിംഗ് മാർഗങ്ങൾ, ആരോഗ്യകരവും സുരക്ഷിതവും ഉറപ്പാക്കുന്ന കുടിവെള്ള സംവിധാനം, ശുചിത്വം ഉറപ്പ് വരുത്തുന്നതിനുള്ള സംവിധാനങ്ങളും പരിപാലനവും എന്നിവയും ഉറപ്പാക്കണം. അഞ്ഞൂറിന് മുകളിൽ താമസക്കാരുള്ള കേന്ദ്രങ്ങളിൽ മുഴുസമയ സൂപ്പർവൈസിംഗ് ജീവനക്കാരൻ, എമർജൻസി ക്ലിനിക്കൽ സൗകര്യം, കായിക വിനോദ കേന്ദ്രം, ഐസോലേഷൻ റൂം സൗകര്യം എന്നിവയും ഒരുക്കണം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

