കുഞ്ഞുമനസ്സുകളിൽ സംരംഭകത്വത്തിന്റെ വെളിച്ചം നിറച്ച് ‘യങ് മർച്ചന്റ്’

കുട്ടികളുടെ സംരംഭക സ്വപ്നങ്ങൾക്ക് നിറംപകരാൻ ദുബായ് താമസ കുടിയേറ്റ വകുപ്പ് (ജിഡിആർഎഫ്എ) ‘യങ് മർച്ചന്റ്’ എന്നൊരു വേറിട്ട സംരംഭത്തിന് തുടക്കംകുറിച്ചു. വകുപ്പിന്റെ പ്രധാന ഓഫീസ് ഹാളിലാണ് കൊച്ചു മിനി-മാർക്കറ്റ് ക്രമീകരിച്ചിരിക്കുന്നത്. വർണ്ണാഭമായ ഉത്പന്നങ്ങളുമായി കുട്ടി കച്ചവടക്കാർ നിറഞ്ഞ വിപണനമേള മൂന്നുദിവസം നീണ്ടുനിൽക്കും.

വകുപ്പ് ജീവനക്കാരുടെ അഞ്ച് മുതൽ 15 വയസ്സുവരെയുള്ള 30 കുട്ടികളാണ് ഈ സംരംഭത്തിൽ പങ്കെടുക്കുന്നത്. കുട്ടികളുടെ സ്വന്തം ഉത്പന്നങ്ങളാണ് ഇവിടെ വിൽപ്പനയ്ക്കായി പ്രദർശിപ്പിച്ചിരിക്കുന്നത്. കുട്ടികൾക്ക് സാമ്പത്തിക അറിവ്, വിപണനതന്ത്രങ്ങൾ, ഉപഭോക്താക്കളുമായി സംവദിക്കാനുള്ള കഴിവ് എന്നിവയെല്ലാം സ്വായത്തമാക്കാൻ ലക്ഷ്യമിട്ടാണ് ഈ അവസരം ഒരുക്കിയിരിക്കുന്നത്.

സാമൂഹിക വർഷത്തോട് അനുബന്ധിച്ച്, കുടുംബങ്ങൾക്കും സമൂഹത്തിനും ശാക്തീകരണം ഉറപ്പാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് താമസ കുടിയേറ്റ വകുപ്പ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി അറിയിച്ചു. പരിപാടിയുടെ അവസാനദിവസം ഉത്പന്നങ്ങളുടെ ഗുണനിലവാരം, പുതുമ, അവതരണ ശൈലി എന്നിവയെല്ലാം പരിഗണിച്ച് ഏറ്റവും മികച്ച ‘കുഞ്ഞു വ്യാപാരിക്ക്’ പുരസ്‌കാരങ്ങൾ നൽകും.

Leave a Reply