ജൈടെക്‌സിൽ 11 എ.ഐ പദ്ധതികളുമായി ആർ.ടി.എ

സാങ്കേതിക രംഗത്തെ വലിയ പ്രദർശനമായ ജൈടെക്സിൽ ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) നിർമിത ബുദ്ധിയെ (എ.ഐ) അടിസ്ഥാനമാക്കിയുള്ള 11 പുതിയ പദ്ധതികൾ അവതരിപ്പിക്കും. ട്രാക്കില്ലാത്ത ട്രാം സംവിധാനം, ദുബൈ മൊബിലിറ്റി ലാബ്, സ്മാർട്ട് കണക്റ്റഡ് വാഹന ശൃംഖല, ഓട്ടോചെക്ക് 360, സുരക്ഷിത നഗരത്തിനായുള്ള സ്മാർട്ട് മൊബിലിറ്റി സംവിധാനം, സ്മാർട്ട് ട്രാഫിക് സൊലൂഷൻ പ്ലാറ്റ്ഫോം, പറക്കും ടാക്‌സി, ഇന്ററാക്ടീവ് കിയോസ്‌കുകൾ, സ്മാർട്ട് ഡിജിറ്റൽ ചാനലുകൾ, എ.ഐ ഫാക്ടറി എന്നിവയാണ് ആർ.ടി.എ അവതരിപ്പിക്കുന്ന പ്രധാന പദ്ധതികൾ.

ഏറ്റവും പുതിയ ഡിജിറ്റൽ സാങ്കേതികവിദ്യകളും എ.ഐ ആപ്ലിക്കേഷനുകളും സ്വീകരിക്കാനുള്ള ആർ.ടി.എയുടെ പ്രതിബദ്ധതയാണ് ഈ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നതെന്ന് ആർ.ടി.എ ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ വ്യക്തമാക്കി. എല്ലാ മേഖലകളിലും ഡിജിറ്റൽ സംവിധാനങ്ങൾ നടപ്പിലാക്കുന്നത് പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുകയും ഉപയോക്താക്കളുടെ യാത്രാനുഭവം മെച്ചപ്പെടുത്തുകയും താമസക്കാരുടെയും സന്ദർശകരുടെയും ജീവിത നിലവാരം ഉയർത്തുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രദർശനത്തിൽ അവതരിപ്പിക്കുന്ന ട്രാക്കില്ലാത്ത ട്രാമുകൾ ഭാവിയിലെ ദുബൈ നഗര ഗതാഗത സംവിധാനത്തിൽ ശ്രദ്ധേയമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. സ്വയംനിയന്ത്രിത വാഹന ഗതാഗത രംഗത്തെ വിവിധ നൂതന സംവിധാനങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി ആസൂത്രണം ചെയ്യുന്നത്. ജൈടെക്സ് സന്ദർശകർക്ക് ആർ.ടി.എയുടെ ഭാവി പദ്ധതികളെക്കുറിച്ച് ഈ സംവിധാനങ്ങൾ ഒരു ലഘുചിത്രം നൽകും.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply