സിനിമാ മേഖലയിൽ കരുത്തുറപ്പിക്കാൻ ദുബൈ; നിർമ്മാണം, പരിശീലനം, ആഗോള സഹകരണം എന്നിവയ്ക്ക് മുൻഗണന

സർഗാത്മക സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായി ചലച്ചിത്ര മേഖലയെ സജീവമാക്കാൻ ദുബൈ ഭരണകൂടം പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നു. ദുബൈ മീഡിയ കൗൺസിലിന് കീഴിൽ പുതുതായി രൂപീകരിച്ച ‘ദുബൈ ഫിലിം ഡെവലപ്‌മെന്റ് കമ്മിറ്റി’യുടെ പ്രഥമ യോഗത്തിലാണ് ആഗോള സിനിമാ ഭൂപടത്തിൽ ദുബൈയുടെ സ്ഥാനം ഉറപ്പിക്കുന്നതിനുള്ള തന്ത്രപരമായ തീരുമാനങ്ങൾ കൈക്കൊണ്ടത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സിനിമകൾ ദുബൈയിൽ നിർമ്മിക്കുന്നതിനും ചിത്രീകരിക്കുന്നതിനുമുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കുക, പ്രാദേശികമായും അന്തർദ്ദേശീയമായും ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തി അവർക്ക് ആവശ്യമായ വിദഗ്ധ പരിശീലനവും പിന്തുണയും നൽകുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

രാജ്യാന്തര പ്രൊഡക്ഷൻ ഹൗസുകൾ, സ്റ്റുഡിയോകൾ, പ്രമുഖ ചലച്ചിത്ര പ്രവർത്തകർ എന്നിവരുമായി ചേർന്ന് വിപുലമായ പങ്കാളിത്തം ഉറപ്പാക്കാനും യോഗം തീരുമാനിച്ചു. സിനിമാ നയങ്ങൾ, ചിത്രീകരണ പ്രക്രിയകൾ എന്നിവ ലളിതമാക്കാനും സർക്കാർ-സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താനും കമ്മിറ്റി നേതൃത്വം നൽകും. ദുബൈയുടെ മാധ്യമ വ്യവസായത്തിലെ ഏറ്റവും വലിയ വളർച്ചാ സാധ്യതയുള്ള മേഖലയാണ് സിനിമയെന്ന് മീഡിയ കൗൺസിൽ സെക്രട്ടറി ജനറൽ നെഹാൽ ബദ്രി പറഞ്ഞു. ചലച്ചിത്ര നിർമ്മാണ രംഗത്തും സർഗ്ഗാത്മകതയിലും ദുബൈയെ ലോകത്തിന്റെ തലസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും അവർ കൂട്ടിചേർത്തു.

പ്രാദേശിക പ്രതിഭകളെ ശാക്തീകരിക്കുന്നതിനും നിർമ്മാണ പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിനുമാണ് ആദ്യഘട്ടത്തിൽ മുൻഗണന നൽകുന്നതെന്ന് കമ്മിറ്റി ചെയർമാൻ ഇസ്സാം കാസിം വ്യക്തമാക്കി. വിദേശ ചലച്ചിത്ര പ്രവർത്തകരെ ആകർഷിക്കുന്നതിനും രാജ്യാന്തര സ്റ്റുഡിയോകളെ ദുബൈയിലേക്ക് കൊണ്ടുവരുന്നതിനും ആവശ്യമായ സേവനങ്ങളും സൗകര്യങ്ങളും കമ്മിറ്റി ഉറപ്പാക്കും. സാമ്പത്തിക വൈവിധ്യവൽക്കരണത്തിനും ആഗോളതലത്തിൽ ദുബൈയുടെ സർഗാത്മക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും ഈ നീക്കം വലിയ സംഭാവന നൽകുമെന്ന് അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply