നടപ്പുരീതി മാത്രം ഉപയോഗിച്ച് ഒരാളെ കൃത്യമായി തിരിച്ചറിയാൻ സാധിക്കുന്ന ‘ബയോമെട്രിക് ടണൽ’ എന്ന പുതിയ സുരക്ഷാ സംവിധാനം അവതരിപ്പിച്ച് ദുബായ് പോലീസ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഒരാളുടെ നടത്ത രീതിയും ശരീര ചലനങ്ങളും വിശകലനം ചെയ്ത് വെറും അഞ്ച് സെക്കൻഡിനുള്ളിൽ വ്യക്തിയെ തിരിച്ചറിയാൻ ഈ ടണലിന് കഴിയും. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ജെട്ടെക്‌സിലാണ് ഈ സംവിധാനം അവതരിപ്പിച്ചത്.
Dubiometrics എന്ന സ്ഥാപനം വികസിപ്പിച്ചെടുത്ത ഈ ടണൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസും (AI) മെഷീൻ ലേണിംഗും ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഒരു വ്യക്തിയുടെ സന്ധികളുടെ ചലനം, നടപ്പിന്റെ താളം, അതുപോലെ ‘ഫ്‌ലാറ്റ് ഫൂട്ട്’ (പരന്ന പാദം) പോലുള്ള വ്യക്തിഗത പ്രത്യേകതകൾ എന്നിവയുൾപ്പെടെയുള്ള വിശദമായ ശരീര ചലനങ്ങൾ ഇത് വിശകലനം ചെയ്യും. വെറും അഞ്ച് സെക്കൻഡിനുള്ളിൽ ഒരാളുടെ ചലന അടയാളം ഇതിന് രേഖപ്പെടുത്താൻ സാധിക്കും.
ഇത് ദുബായ് പോലീസിന്റെ ഗവേഷണ വികസന ശ്രമങ്ങളുടെ ഭാഗമാണെന്ന് പദ്ധതി ഡയറക്ടർ ലഫ്റ്റനന്റ് കേണൽ ഡോ. ഹമദ് മൻസൂർ അൽ ഔർ അറിയിച്ചു. പരമ്പരാഗത തിരിച്ചറിയൽ മാർഗ്ഗങ്ങൾ ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ പോലും, നടപ്പുരീതി വിശകലനം ചെയ്യുന്നത് കുറ്റവാളികളെ കൂടുതൽ കൃത്യതയോടെ തിരിച്ചറിയാൻ ഫോറൻസിക് വിദഗ്ധരെ സഹായിക്കുമെന്നും ഇത് പോലീസ് അന്വേഷണങ്ങൾക്ക് വലിയ ശക്തി പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, മുഖം, ചെവി, ശരീര അളവുകൾ തുടങ്ങിയ മറ്റ് ബയോമെട്രിക് വിവരങ്ങളുമായി ഈ നടപ്പുവഴിയുള്ള ഡാറ്റ സംയോജിപ്പിച്ച് സമഗ്രമായ തെളിവുകൾ ശേഖരിക്കാനും ഈ സംവിധാനം ഉപയോഗിക്കാൻ കഴിയും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

