വർഷങ്ങൾക്കുമുമ്പ് സ്വർണ്ണക്കട്ടികളും നാണയങ്ങളും വിതരണം ചെയ്യുന്ന എ.ടി.എം. പോലുള്ള വെൻഡിങ് മെഷീനുകൾ അവതരിപ്പിച്ച് ദുബൈ ചരിത്രത്തിൽ ഇടംനേടിയിരുന്നു. ഇപ്പോഴിതാ, നിങ്ങളുടെ സ്വർണ്ണാഭരണങ്ങളുടെ പരിശുദ്ധി ഒരു മിനിറ്റിനുള്ളിൽ പരിശോധിക്കാൻ കഴിയുന്ന എ.ടി.എം. മാതൃകയിലുള്ള ഒരു അത്യാധുനിക കിയോസ്‌ക് (സെൽഫ്-സർവീസ് ലാബ്) ദുബൈ മുനിസിപ്പാലിറ്റി പുറത്തിറക്കി.
ലോകത്തിലെ ഇത്തരത്തിലുള്ള ആദ്യത്തെ സംവിധാനമായ ഈ ‘സ്മാർട്ട് ഗോൾഡ് ആൻഡ് ജ്വല്ലറി ടെസ്റ്റിങ് ലാബ്’ ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ജിടെക്സ് (GITEX) ഗ്ലോബൽ 2025-ൽ മുനിസിപ്പാലിറ്റിയുടെ സ്റ്റാൻഡിൽ പ്രദർശിപ്പിച്ചു. ഈ പ്രോട്ടോടൈപ്പ്, വിലയേറിയ ലോഹങ്ങളുടെ മേഖലയിലെ ഉപഭോക്തൃ സംരക്ഷണത്തിലും സേവനത്തിലും വിപ്ലവം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.
ഇന്റർനെറ്റ് ഓഫ് തിങ്സ് (IoT), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), മെഷീൻ ലേണിങ് തുടങ്ങിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് ഈ ലാബ് പ്രവർത്തിക്കുന്നത്.ഇത് പരീക്ഷണ നടപടിക്രമങ്ങൾ വേഗത്തിലാക്കുകയും കൃത്യത ഉറപ്പാക്കുകയും ചെയ്തുകൊണ്ട് ഒരു മിനിറ്റിനുള്ളിൽ ഫലങ്ങൾ നൽകുന്നു.സ്വർണ്ണം, വെള്ളി, ചെമ്പ്, സിങ്ക് തുടങ്ങിയ ലോഹങ്ങളുടെ അളവ് ശതമാനത്തിന്റെ രൂപത്തിൽ ഫലത്തിൽ കാണിക്കും.
ഉപഭോക്താക്കൾക്ക് എ.ടി.എമ്മുകളിൽ ലഭിക്കുന്നത് പോലെ എസ്.എം.എസ്. വഴിയോ പ്രിന്റ് ചെയ്ത രസീതിലൂടെയോ പരിശോധനാഫലങ്ങൾ ഉടൻ ലഭിക്കും.ലോകത്തിലെ ഏറ്റവും സജീവമായ ആഭരണ വിപണികളിലൊന്നാണ് യുഎഇ. ഇവിടുത്തെ താമസക്കാർക്കും വിനോദസഞ്ചാരികൾക്കും സ്വർണ്ണം വാങ്ങുന്നതും പരിശോധിക്കുന്നതും കൂടുതൽ എളുപ്പവും സുതാര്യവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സെൽഫ് സർവീസ് ലാബ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

