ദുബൈ ഗ്ലോബൽ വില്ലേജ് 30-ാം സീസണിന് ഇന്ന് തുടക്കം

ദുബൈ ഗ്ലോബൽ വില്ലേജിന്റെ 30-ാം സീസൺ ഇന്ന് ആരംഭിക്കും. ഈ പുതിയ സീസണിൽ ‘ഡ്രീം ദുബൈ’യുമായി സഹകരിച്ച് സന്ദർശകർക്കായി അധികൃതർ 1 കോടി ദിർഹം (ഒരു കോടി ദിർഹം) മൂല്യമുള്ള സമ്മാനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഗ്ലോബൽ വില്ലേജിലേക്കുള്ള പ്രവേശന ടിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് സമ്മാന നറുക്കെടുപ്പുകൾ നടക്കുക. ആഴ്ച, രണ്ടാഴ്ച, മാസം, മൂന്നു മാസം എന്നിങ്ങനെയുള്ള ഇടവേളകളിൽ പ്രത്യേകം നറുക്കെടുപ്പുകൾ ഉണ്ടാകും. ഇതിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സീസൺ അവസാനിക്കുമ്പോൾ സമ്മാനങ്ങൾ ലഭിക്കും. എല്ലാ വ്യാഴാഴ്ചകളിലും മെയിൻ സ്റ്റേജിനടുത്തായിരിക്കും നറുക്കെടുപ്പ് നടക്കുക.

കറൻസി സമ്മാനങ്ങൾ, ഐഫോണുകൾ, സ്വർണം, കാറുകൾ എന്നിവയാണ് സമ്മാനമായി നൽകുന്നത്. ഗ്ലോബൽ വില്ലേജ് കൗണ്ടറുകളിൽ നിന്ന് ടിക്കറ്റ് വാങ്ങുന്ന സന്ദർശകർക്ക് ഒരു ക്യു.ആർ. കോഡ് അടങ്ങിയ രസീത് ലഭിക്കും. ഈ കോഡ് സ്കാൻ ചെയ്ത് വിവരങ്ങൾ നൽകുന്നവർക്ക് നറുക്കെടുപ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ഓൺലൈനായി ടിക്കറ്റ് വാങ്ങുന്നവർക്ക്, രജിസ്റ്റർ ചെയ്യുന്നതിനായുള്ള ക്യു.ആർ. കോഡും ലിങ്കും ഉൾപ്പെടുന്ന ഇ-ടിക്കറ്റാണ് ലഭിക്കുക. രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ, അവർ ഗ്രാൻഡ് പ്രൈസ് നറുക്കെടുപ്പ് ഉൾപ്പെടെ ആ ആഴ്ചയിലെയും അതിനുശേഷമുള്ളതുമായ എല്ലാ നറുക്കെടുപ്പുകളിലും പരിഗണിക്കപ്പെടും.

30-ാം സീസണിലെ ടിക്കറ്റ് നിരക്കുകൾ ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ 25 ദിർഹവും വെള്ളി, ശനി ദിവസങ്ങളിൽ 30 ദിർഹവുമാണ്. മൂന്ന് വയസ്സ് വരെയുള്ള കുട്ടികൾ, 65 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർ, നിശ്ചയദാർഢ്യമുള്ളവർ എന്നിവർക്ക് പ്രവേശനം സൗജന്യമാണ്. സന്ദർശകർക്കായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) നാല് നേരിട്ടുള്ള ബസ് റൂട്ടുകളുള്ള പ്രത്യേക ബസ് സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, ഗ്ലോബൽ വില്ലേജിനുള്ളിൽ ഇലക്ട്രിക് ടൂറിസ്റ്റ് അബ്ര സർവീസും ആർ.ടി.എ പുനരാരംഭിക്കും.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply